മാനന്തവാടി : സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്ന സിപിഎം-പോലീസ് ഗൂഢാലോചനക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നാളെ മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. മാനന്തവാടി കോ-ഓപ്പറേറ്റിവ് കോളേജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രികാലങ്ങളില്‍ ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. സംഘര്‍ഷം നടക്കുമ്പോള്‍ അന്യജില്ലകളില്‍ ജോലിക്കുപോയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെപോലും ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്സെടുത്ത് ജയിലിലടയ്ക്കുകയാണ്.
മാനന്തവാടി കോഓപ്പറേറ്റീവ് കോളേജില്‍ ഏകപക്ഷീയമായി എസ്എഫ്ഐ നടത്തിയ അക്രമത്തിന്റെ മറവില്‍ നിരപരാധികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുകയാണ് പോലീസ്. കഴിഞ്ഞദിവസം കോഓപ്പറേറ്റീവ് കോളേജില്‍ നവഗാതരെ സ്വീകരിക്കുന്നതിന് വേണ്ടി എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ ക്രിമിനല്‍സംഘം നശിപ്പിക്കുകയും എബിവിപി പ്രവര്‍ത്തകരെ മാരാകായുങ്ങള് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പ്രവര്‍ത്തകര്‍ ആശുപത്രി വാര്ഡിനുളളില് പോലും അക്രമത്തിനിരയായിട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നിസാരവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എബിവിപി പ്രവര്‍ത്തകരടക്കം സംഘര്‍ഷം നടക്കുന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെപോലും കൊലപാതകശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കണിയാരം സ്വദേശിയായ യുവാവിനെ രാത്രിയില്‍ വീട്ടില്‍ക്കയറിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാത്രിയിലും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ഇറങ്ങി സിപിഎം അനുഭാവികളായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിമുഴക്കി. സിപിഎമ്മിന്റെ കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായി ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ചില പോലീസ് ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിയായ സിപിഎമ്മിന്റെയും ശ്രമം. ഈ നിലപാട് തിരുത്താന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
സിപിഎം-പോലീസ് ഗൂഢാലോചനക്കെതിരെ നാളെ മാനന്തവാടിയില്‍ നടക്കുന്ന പോലീസ്സ്റ്റേഷന് മാര്‍ച്ച് രാവിലെ പത്ത് മണിക്ക് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: