ചിലര്‍ക്ക് നേരം വെളുക്കുമ്പോള്‍ മറ്റു ചിലര്‍ വീണ്ടും കരിമ്പടം ഒന്നുകൂടി ദേഹത്തോട് വാരിച്ചുറ്റി കൂര്‍ക്കം വലിക്കുകയാണ്. ഐഎസ് എന്ന നാടകസംഘം ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടത്തുന്ന കലാപരിപാടികള്‍ തകര്‍ത്താടുകയാണ്. ഉടലോടെ സ്വര്ഗത്തിലേയ്ക്കയക്കാനുതകുന്ന പരിപാടികളാണ് അധികവും.
മേപ്പടി സ്ഥലത്ത് ബിസിനസ് സാധ്യതകളുണ്ടോ എന്നറിയില്ല. ഏതായാലും ന്യൂജന്ടെക്കികളും ടെക്നിക് അറിയുന്ന ചുള്ളന്മാരും കൂട്ടമായി ഐഎസ് നാടകസംഘത്തിലേക്ക് വേഷവിധാനങ്ങളോടെ മന്ദംമന്ദം നടന്നു നീങ്ങുന്നുണ്ട്. ന്യൂജന്‍കാലത്തെ സ്വയമ്പന്‍ ടെക്കികള്‍ ആധുനാധുന ആടുവളര്‍ത്തലില്‍ ഗവേഷണം നടത്തുന്ന തിരക്കിലാണത്രെ. ബന്യാമന്റെ ആടുജീവിതമാണോ ഇത്തരക്കാര്‍ക്ക് പ്രചോദനമായത് എന്നറിയില്ല. ആട് ഒരു ഭീകരജീവി എന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ഒരുവിധപ്പെട്ടവരൊക്കെ അനുമാനിക്കുന്നത്.
അതെന്തായാലും മേപ്പടി ആടുജീവിതത്തിലൂടെ സ്വര്ഗവഴിതേടുന്നവര്ക്ക് സഹായത്തിനായി ഒരുപാടു സംഘങ്ങള്‍ ഇവിടെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തിലൊരു ഗ്യാങിനെ കഴിഞ്ഞ ദിവസം നമ്മുടെ മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുന്നു എന്ന സന്തോഷം നിങ്ങളെ അറിയിക്കാനാണ് ഇപ്പോള്‍ ഈയുള്ളവന് തുനിയുന്നത്. കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമപ്രദേശമായ വേളത്ത് അടുത്തിടെ ലീഗുകാരന് കുത്തേറ്റു മരിച്ചു. വേളം ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളില്‍ ബോംബ്, കത്തിയേറ്, കൊടുവാള്പയറ്റ്, വീടുകത്തിക്കല്‍, വിളനശിപ്പിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ നിര്‍ബാധം നടക്കുന്നുണ്ട്.
എന്നും സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ അവിടെയുള്ളവരെ വീര്‍പ്പുമുട്ടിക്കാറുണ്ട്. അങ്ങനെയിരിക്കെയാണ് നടേ സൂചിപ്പിച്ച കൊലപാതകം അരങ്ങേറുന്നത്. ലീഗിന്റെ ചുണക്കുട്ടനാണ് ജീവന്പോയതെന്നതിനാല് സ്വാഭാവികമായും പ്രതിപക്ഷത്തെ ഘടകകക്ഷിക്ക് ചോര തിളയ്ക്കുമല്ലോ. ഈ കേസിലെ പ്രതികള്‍ക്ക് ആഭ്യന്തരവകുപ്പിന്റെ ബിരിയാണി സല്‍ക്കാരം കൂടി ആയതോടെ സംഗതി പച്ചയ്ക്ക് കത്തുക തന്നെ ചെയ്തു.
കാര്യങ്ങളുടെ കിടപ്പുവശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസ് വന്നപ്പോള്‍ മുഖ്യമന്ത്രിയതാ മണിമണിയായി കാര്യങ്ങള്‍ വിശദീകരിക്കുന്നു. കൊലപാതകത്തിന്റെ പിന്നില്‍ ആളെക്കൊല്ലി സംഘടനയാണ്. അവര്‍ എളുപ്പത്തില്‍ ആളുകളെ കൊല്ലുന്നതിനെക്കുറിച്ച് പരിശീലനം നടത്താറുണ്ട് എന്നൊക്കെയായിരുന്നു പറഞ്ഞത്.
എന്നാല്‍ ഇതൊക്കെ ഇപ്പോള്‍ അറിഞ്ഞതല്ല എന്നതാണിതിലെയൊരു ട്വിസ്റ്റ്. ഈ ആളെക്കൊല്ലി സംഘടനയെ വീരവിപ്ലവക്കൂട്ടങ്ങള് പല തലത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത അങ്ങാടിപ്പാട്ടാണ്. നാലു വോട്ടിന്റെ തട്ടിന്‍പുറത്ത് ഇവരെ മനസ്സാക്ഷിക്കുത്തില്ലാതെ ഒളിപ്പിച്ചുവെച്ചവരുടെ കൂട്ടത്തില്‍ ഈ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായിരുന്നു ഒന്നാംസ്ഥാനത്ത്. കൈവെട്ടിയും, കാലൊടിച്ചും, കരളുപിളര്ന്നും ജനങ്ങളില്‍ ഭീതിപരത്തി അവരങ്ങനെ തടിച്ചുകൊഴുക്കുന്നതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തവര്‍ ഇപ്പോള്‍ കളം മാറിച്ചവിട്ടുകയാണ്.
എന്താ ഇതിന്റെ കാരണം എന്നു മനസ്സിലായോ? കൊലയാളിസംഘടനയുടെ യഥാര്‍ത്ഥ രൂപം ജനമനസ്സുകളില്‍ പച്ചപിടിച്ചുകഴിഞ്ഞു. അവരെ എങ്ങനെയും തച്ചുതകര്‍ക്കണമെന്ന പൊതുമനസ്സാക്ഷിയുടെ ചൂടും ചൂരും മുമ്പെങ്ങുമില്ലാത്തവിധം ഉയരുകയായി. ഇത്തരക്കാര്ക്കുവേണ്ടിയുളള വക്കാലത്തുമായി പോയാല്‍ നിലവിലുള്ള വക്കാലത്തുകള്‍ കൂടി നഷ്ടപ്പെടുമെന്ന് മനസ്സിലായി. നിലവില്‍ കിട്ടിയ വോട്ടിന്റെ മറുഭാഗത്തായിരിക്കും നില്‍ക്കേണ്ടി വരികയെന്നും അറിഞ്ഞു.
അതിന് ചെയ്യാവുന്ന ഏറ്റവും ലളിതമായ പരിഹാരമാണ് തല്ക്കാലത്തേക്കുള്ള തള്ളിപ്പറയല്‍. അങ്ങനെ തള്ളിപ്പറയുമ്പോഴും ഒരു ചൂണ്ടുവിരല്‍ മുഖ്യന്റെ കക്ഷിക്കുനേരെയാണെന്നതാണ് മറ്റൊരു സംഗതി. സ്വര്‍ഗം തേടാനുള്ള വഴിയായി ഐഎസ് കൊലപാതകങ്ങളുടെ അതേ വഴിയില്‍ നീങ്ങുന്ന ആളെക്കൊല്ലി സംഘടനയുടെ രാഷ്ട്രീയ മുഖമാണ് മുഖ്യന്റെ പാര്‍ട്ടിയുടേത്. അവര്‍ക്ക് മരണശേഷമുള്ള സ്വര്‍ഗമെങ്കില്‍ മുഖ്യന്റെ പാര്‍ട്ടിക്ക് ജീവിച്ചിരിക്കുമ്പോഴുള്ള അധികാരമാണ് പഥ്യം എന്നേയുള്ളൂ.
ഇനി കൊലപാതകത്തിന്റെ കണക്കെടുത്താലും ആളെക്കൊല്ലി സംഘടനയെക്കാള്‍ ബഹുകാതം മുമ്പിലാവും മുഖ്യന്റെ പാര്‍ട്ടി. അതുകൊണ്ടുതന്നെയാണ് അജ്ഞാതനായ കവി ഇങ്ങനെ പാടിയത്:
”ഒരു വിരല്‍ ചൂണ്ടലിന് പിന്നിലല്ലോ
വിരല്‍ മൂന്നെണ്ണമൊളിഞ്ഞിരിക്കുന്നു”
ഏതായാലും കൊലപാതകത്തിലെ രാഷ്ട്രീയത്തിലും രാഷ്ട്രീയത്തിലെ കൊലപാതകത്തിലും തുടിക്കുന്നത് ഒരു കാര്യം മാത്രം; അസഹിഷ്ണുത. അസഹിഷ്ണുതയ്ക്ക് കൈയും കാലും വെച്ചാല്‍ ആളെക്കൊല്ലി സംഘടനയാവും, ആളെക്കുടുക്കുന്ന മുഖ്യന്റെ പാര്ട്ടിയുമാവും. ഒരു കാര്യത്തില്‍ കണാരേട്ടനുള്‍പ്പെടെയുള്ള നമ്മുടെ നാട്ടുമ്പുറത്തുകാര്‍ക്ക് ഇപ്പോള്‍ ചെറിയൊരു ആശ്വാസം കിട്ടിയിട്ടുണ്ട്.
ആളെക്കൊല്ലി സംഘടനയാണെന്ന് മുഖ്യന് തുറന്നു സമ്മതിച്ചല്ലോ; അതും നിയമസഭയില്‍. എന്നാല്‍ രാജവെമ്പാലയെ പൂജാമുറിയില്‍ വെച്ച് ആരാധിക്കുകയും പൂച്ചക്കുട്ടിയെ ഏകെ47 തോക്കുകൊണ്ട് ചിതറിത്തെറിപ്പിക്കുകയും ചെയ്യുന്ന ചെന്നിത്തല വീരന് ഇതെന്തുഭാവിച്ചാണ്? ജനഹൃദയങ്ങളില്‍ സൂര്യതേജസ്സിന്റെ പ്രഭാവമുള്ള സാംസ്കാരിക സംഘടനയെയും ആളെക്കൊല്ലി സംഘത്തെയും ടിയാന് ത്രാസിലിട്ട് തൂക്കമൊപ്പിക്കുന്നത് എന്തുകൊണ്ടാണ്? വോട്ടു കച്ചവടത്തില്‍ ആളെക്കൊല്ലി സംഘത്തില്‍ നിന്ന് കിട്ടിയ കമ്മീഷന്റെ ആകര്‍ഷകത്വമാണോ പിന്നില്‍? ആവോ ആര്‍ക്കറിയാം. നാലു കാശിന് നാട്ടുകാരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് അതും അതിലപ്പുറവും പഥ്യം തന്നെ.
*********
അപരന് നേരെ ദയകാട്ടാത്തവനോട് ദൈവം ദയ കാട്ടില്ലെന്നാണ് പ്രവാചകന് ഉദ്ബോധിപ്പിച്ചത്. ഐഎസ് ഭീകരരും അവര്ക്കരുനില്ക്കുന്ന ഇടനില തീവ്രവാദികളും ഇത് മനസ്സിലാക്കിയിട്ടുണ്ടോ എന്തോ. അതെന്തായാലും കാരുണ്യത്തിന്റെ ഒരു മാലാഖയെക്കുറിച്ച് പറയുന്നു പി.കെ. പാറക്കടവ്. വെള്ളിമാടുകുന്ന് വാരികയുടെ തുടക്കം പംക്തിയില്‍ അതിനെക്കുറിച്ചുള്ള തലക്കെട്ട് ഇങ്ങനെ: മനുഷ്യത്വത്തിന്റെ മഹാനായ സേവകന്.
പാകിസ്ഥാനിലെ ഈദി ഫൗണ്ടേഷന് സ്ഥാപകന്‍ അബ്ദുള്‍സത്താര്‍ ഈദിയെക്കുറിച്ചാണ് പരാമര്‍ശം. 1951ല്‍ കറാച്ചിയില്‍ ബില്‍ക്കീസ് ഈദ് ഫൗണ്ടേഷന് സ്ഥാപിച്ചത് അദ്ദേഹവും ഭാര്യ ബില്‍ക്കീസും ചേര്‍ന്നാണ്. ഭാരതത്തില്‍ നിന്ന് വഴിതെറ്റി പാകിസ്ഥാനിലെത്തിയ ഗീതയെന്ന പെണ്‍കുട്ടിയെ പതിനൊന്നു വര്‍ഷം കാത്തുരക്ഷിച്ചത് ഈ ഫൗണ്ടേഷനായിരുന്നു. അന്താരാഷ്ട്ര ശ്രദ്ധപിടിച്ചു പറ്റാനും വലിയ ആളാവാനും അബ്ദുള്‍ സത്താര്‍ ശ്രമിച്ചില്ല.
ദയയും കാരുണ്യവും കരുതിവെപ്പും നിറഞ്ഞുതുളുമ്പുന്ന ആ ഹൃദയത്തെ പക്ഷേ, ലോകം തിരിച്ചറിയുക തന്നെ ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ പുരസ്കാരമായ മാഗ്സസെ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. പൊട്ടിച്ചിതറുന്ന ഐഎസ് ക്രൂരതക്കു മുകളില്‍ അബ്ദുള്‍സത്താര്‍ ഈദിയെപ്പോലുള്ളവരുടെ സ്നേഹമഴകള്‍ പെയ്തിറങ്ങട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.
അദ്ദേഹം പറയുന്നത് നോക്കുക:
പുണ്യഗ്രന്ഥം നിങ്ങളുടെ ആത്മാവിലാണ്
തുറക്കേണ്ടത് ;
നിങ്ങളുടെ മടിയിലല്ല.
നിങ്ങളുടെ ഹൃദയം തുറന്ന്
ദൈവത്തിന്റെ ആളുകളെ കാണുക.
പാറക്കടവന്മാരും ഇതൊക്കെ മനസ്സില്‍ വായിച്ചുറപ്പിക്കുന്നത് നന്നാണ്. ഏതായാലും ഈദ് ഫൗണ്ടേഷനെക്കുറിച്ചുള്ള അമൃത് വാരികയിലെ മറ്റെല്ലാ വിഷലിപ്തലിഖിതങ്ങളെയും നിഷ്പ്രഭമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: