പരപ്പനങ്ങാടി: സിമന്റ്വില ക്രമാതീതമായി വര്‍ധിക്കുന്നത് നിര്‍മ്മാണമേഖലയെ സ്തംഭിപ്പിച്ചു. പുതിയ ബജറ്റ് പ്രഖ്യാപനത്തിന് ശേഷമാണ് സിമന്റ് വിലയില്‍ വലിയതോതിലുള്ള വര്‍ധനവുണ്ടായിരിക്കുന്നത്. ഇതുമൂലം ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
കാരണമൊന്നുമില്ലാതെ സിമന്റ് കമ്പനികള്‍ ഏകപക്ഷികമായി വില വര്‍ധിപ്പിക്കുകയാണെന്ന് കരാറുകാര്‍ ആരോപിക്കുന്നു. വിവിധ ഭവനനിര്‍മ്മാണ പദ്ധതികളിലുള്‍പ്പെടുത്തി വീടുവെക്കുന്ന സാധാരണക്കാര്‍ക്കും വിലവര്‍ധനവ് ഇരുട്ടടിയായിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ജില്ലയിലാകെ 22045 വീടുകള്‍ നിര്‍മ്മാണം തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിലകയറ്റം ഉണ്ടായത്. തൊഴിലാളികളും കരാറുകാരും അസംഘടിതരാണ്. ഇത് മുതലെടുത്താണ് സിമന്റ് കമ്പനികള്‍ തോന്നിയപോലെ വിലകൂട്ടുന്നത്.
ഗ്രാമീണ മേഖലയില്‍ വീടുകളുടെ കരാറുകള്‍ ഏറ്റെടുത്ത മിക്ക കരാറുകാരും ഇതോടെ വെട്ടിലായിരിക്കുകയാണ്. കെട്ടിട നിര്‍മ്മാണത്തിന്റെ 40 ശതമാനത്തോളം ഉപയോഗിക്കപ്പെടുന്ന അസംസ്കൃത വസ്തുവാണ് സിമന്റ്. അടിത്തറ മുതല്‍ മേല്‍ക്കൂര വരെയുള്ള നിര്‍മ്മാണത്തിന്റെ മുഖ്യഘടകമാണിത്. ഗ്രൗണ്ട് ഫ്ളോറിന്റെ നിര്‍മ്മാണത്തിന് ചിലവാക്കുന്ന തുകയേക്കാള്‍ ഏകദേശം 20 ശതമാനത്തോളം അധികചിലവ് വരും ഒന്നാംനിലയുടെ നിര്‍മ്മാണത്തിന്. സിമന്റിന് 350 രൂപ ഉണ്ടായിരുന്നപ്പോള്‍ കരാറെടുത്ത പലരും ഒന്നാം നിലയുടെയും രണ്ടാംനിലയുടെയും നിര്‍മ്മാണ ജോലികള്‍ പൂര്ത്തീകരിക്കാനാതെ വിഷമിക്കുകയാണ്.
2016-17 വര്‍ഷത്തേക്ക് തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി തയ്യാറാക്കിയ ഗ്രാമീണറോഡുകളുടെ നിര്‍മ്മാണവും മുടങ്ങാനാണ് സാധ്യത. പൊതുമരാമത്ത് വകുപ്പിന്റെ കരാര്‍ എസ്റ്റിമേറ്റില്‍ സിമന്റ് വിലയായി ഇപ്പോഴും 330 രൂപയാണ് നിജപ്പെടുത്തിയിട്ടുള്ളത്. പൊതുവിപണിയില്‍ ഇപ്പോള്‍ 430 മുതല്‍ 450 രൂപവരെയാണ് വില. കരാര്‍ പൂര്‍ത്തീകരിച്ച കഴിഞ്ഞ 18 മാസത്തെ ബില്‍തുക ഇനിയും ലഭിക്കാനുള്ള കരാറുകാര്‍ക്ക് കനത്ത പ്രഹരമായിരിക്കുകയാണ് വില വര്‍ധനവ്.
കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിവന്ന 105 ബില്‍ ഡിസ്കൗണ്ട് സംവിധാനവും ഇപ്പോള്‍ മുടങ്ങിരിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത നടപടികള്‍ ഉണ്ടാകണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിലവര്‍ദ്ധനവ് മുന്നില്‍ കണ്ട് സിമന്റ് വ്യാപാരികള്‍ പൂഴ്ത്തിവെപ്പ് നടത്തികൊണ്ട് സിമന്റ് ക്ഷാമം സൃഷ്ടിക്കുന്നുണ്ട്. അടുത്ത അഞ്ചുവര്‍ഷം വിലകൂടില്ല എന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ വാക്കാണ് ഇതോടെ പൊളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: