വടക്കാഞ്ചേരി: മൂന്ന് പതിറ്റാണ്ട് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തി പ്രവര്‍ത്തനം ആരംഭിച്ച വിരുപ്പാക്ക തൃശൂര്‍ കോപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍ ഊര്‍ധ്വശ്വാസം വലിക്കുന്നു. 1985ല്‍ ആധുനിക യന്ത്രസാമഗ്രികളോടെയാണ് മില്‍ വിരുപ്പാക്കത്ത് ആരംഭിച്ചത്. തുടക്കത്തില്‍ അറുന്നൂറോളം പേര്‍ക്ക് തൊഴില്‍ ഇവിടെ നല്‍കിയിരുന്നു. തെക്കുംകര പഞ്ചായത്തിലെ തൊഴിലാളികള്‍ക്കൊപ്പം വിവിധ ജില്ലകളില്‍ നിന്നുള്ളവരും ഇവിടെ പണിയെടുക്കാനായി എത്തിയിരുന്നു. കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ മില്‍ ഇന്ന് ഏതുസമയത്തും പൂട്ടാവുന്ന അവസ്ഥയിലാണ്. മൂന്നു പതിറ്റാണ്ടിനിടെ നിരവധി എംഡിമാരും ചെയര്മാന്മാരും സ്ഥാപനത്തിന്റെ അധിപന്മാരായി എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും ഇതിനെ ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇന്ന് മില്ലിന് കോടികളുടെ നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്. ആദ്യകാലത്ത് 25000 സ്പിന്റലുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉള്ളതാകട്ടെ 7500 സ്പിന്റലുകളും സാമ്പത്തിക പ്രതിസന്ധി വന്നതോടെ കോടികള്‍ വിലവരുന്ന 20 മെഷീനുകളും രണ്ട് ഭീമന് ജനറേറ്ററുകളും തമിഴ്നാട്ടിലെ ഒരു കമ്പനിക്ക് വിറ്റത് കേവലം 22ലക്ഷം രൂപക്കാണ്. നാള്‍ക്കുനാള്‍ കുതിച്ചുയരുന്ന വൈദ്യുതി ബില്‍ കുടിശ്ശിക അടക്കുവാനാണത്രെ ഈ മെഷീനുകള്‍ തുച്ഛമായ വിലക്ക് വിറ്റത്.
അതേസമയം ഒരുകോടിയിലധികം രൂപ വൈദ്യുതി വകുപ്പിന് കുടിശ്ശികയുള്ളപ്പോള്‍ അടച്ചതാകട്ടെ കേവലം അഞ്ചുലക്ഷം രൂപയും. നിരവധി തവണ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടും കഴിഞ്ഞ ആറുമാസമായി വൈദ്യുതി ബില്‍ അടച്ചിട്ടില്ല. ഇക്കാര്യം തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് മാനേജ്മെന്റ് കൈക്കൊള്ളുന്നത്. പ്രതിമാസം ഇരുപത് ലക്ഷം രൂപയാണ് വൈദ്യുതി ബില്ലായി വരുന്നത്. ഇക്കഴിഞ്ഞ ദിവസം അവര്‍ അന്ത്യശാസനം നല്‍കിയതോടെ മാനേജ്മെന്റ് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. ഇതിനെത്തുടര്‍ന്ന് മന്ത്രി മൊയ്തീന് പ്രശ്നത്തില്‍ ഇടപെടുകയും അന്ത്യശാസന തീയതി നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും മില്‍ രക്ഷപ്പെടുന്ന അവസ്ഥയിലല്ല. ഇപ്പോള്‍ ഇവിടെയുള്ള നാനൂറോളം തൊഴിലാളികള്‍ വഴിയാധാരമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിനിടെ തൊഴിലാളികളുടെ പി.എഫ്., ഇഎസ്ഐ, വെല്‍ഫെയര്‍ ഫണ്ട് എന്നിവയിലും കോടിക്കണക്കിന് രൂപ അടക്കേണ്ടതായുണ്ട്. പ്രൊവിഡന്റ് ഫണ്ടില്‍ മാത്രം രണ്ടുകോടിയിലേറെ രൂപയുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കാലാകാലങ്ങളില്‍ സര്‍ക്കാരുകള്‍ നല്കിയ ധനസഹായം കൊണ്ടുമാത്രമാണ് മില്‍ ഇതുവരെ പിടിച്ചുനിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: