ന്യൂദൽഹി: ഇന്ത്യയുടെ ഏകദിന-ട്വന്റി ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി മുൻ ഓസീസ് പേസ് ബൗളർ ക്രെയ്ഗ് മക്ഡർമോട്ടിന്റെ രാജ്യാന്തര ക്രിക്കറ്റ് അക്കാദമിയുടെ ഉപദേഷ്ടാവും ബ്രാൻഡ് അംബാസഡറും. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കോച്ചിങ് രംഗത്തേക്ക് തിരിയുന്നതിനായാണ് ധോണി പുതിയ തീരുമാനമെടുത്തത്. സ്‌പോർട്‌സ് സയൻസ് ആൻഡ് മാനേജ്‌മെന്റ് എന്ന വിഷയത്തിൽ നാല് വർഷത്തെ ബിരുദ കോഴ്‌സാണ് മക്ഡർമോട്ടിന്റെ അക്കാദമി നൽകുന്നത്.
ക്രിക്കറ്റിന് എന്തെങ്കിലും തിരിച്ച് നൽകാനുള്ള പ്ലാറ്റ്‌ഫോമായാണ് അക്കാദമിയെ കാണുന്നതെന്നും സ്‌പോർട്‌സിൽ താത്പര്യമുള്ള കുട്ടികൾക്ക് സ്‌പോർട്‌സും വിദ്യാഭ്യാസവും ഒരു പോലെ കൊണ്ടു പോകാൻ ഈ അക്കാദമി സഹായിക്കുമെന്നും 2011-ലെ ഏകദിന ലോകകപ്പിൽ രാജ്യത്തെ കിരീടത്തിലേക്ക് നയിച്ച ധോണി വ്യക്തമാക്കി.
ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ അക്കാദമിയെ പരിചയപ്പെടുത്താൻ ധോണിയെ ബ്രാൻഡ് അംബാസിഡറാകുന്നതിലൂടെ സാധിക്കുമെന്ന് മക്‌ഡെർമോട്ട് പറഞ്ഞു. 1984 മുതൽ 1996 വരെ ഓസീസിനായി കളിച്ച ഫാസ്റ്റ് ബൗളറായ മക്ഡർമോട്ട് 71 ടെസ്റ്റുകൡ നിന്ന് 291 വിക്കറ്റും 138 ഏകദിനത്തിൽ നിന്ന് 203 വിക്കറ്റും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: