പുത്തൂര്‍: മാലിന്യപ്രശ്‌നത്തെത്തുടര്‍ന്ന് ബിജെപി-ബിഎംഎസ് സമരത്തില്‍ സ്തംഭിച്ച പുത്തൂര്‍ ചന്ത ഇന്നുമുതല്‍ വീണ്ടും സജീവമാകും. ഇന്നലെ കുളക്കട പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായതോടെയാണ് ഇന്നുമുതല്‍ മത്സ്യവിപണനം പുനരാരംഭിക്കാന്‍ ധാരണയായത്. ഉപരോധസമരം തല്‍ക്കാലത്തേക്ക് പിന്‍വലിക്കാന്‍ ബിജെപി, ബിഎംഎസ് സംഘടനകള്‍ തയ്യാറാവുകയായിരുന്നു.
ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഖരമാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനും കരാറുകാരന്‍ തയ്യാറാകുമെന്നാണ് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി അറിയിച്ചത്. ആറായിരം ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന മാലിന്യസംഭരണി പൊട്ടിയൊലിച്ചാണ് ചന്തയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ ബിഗ് ബജറ്റില്‍ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. അതുവരെ ആഴ്ചയിലൊരിക്കല്‍ ടാങ്ക് ശുചീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കും. ഇറച്ചിക്കടകള്‍ക്ക് സംരക്ഷണവലതീര്‍ക്കും. പഴകിയ മത്സ്യങ്ങളും പച്ചക്കറികളും വില്‍ക്കുന്നത് തടയാന്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന കര്‍ശനമാക്കും. എല്ലാസ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ചന്തയിലെ മാലിന്യനിക്ഷേപം തടയാന്‍ പോലീസുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കി. അതേസമയം സര്‍വകക്ഷിയോഗത്തിന്റെ വികാരം മാനിച്ച് ഉപരോധസമരത്തില്‍നിന്ന് താല്‍ക്കാലികമായി പിന്‍മാറുകയാണെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
എന്നാല്‍ ശാശ്വതപരിഹാരത്തിന് വീണ്ടും വലിയ തുക ചെലവഴിച്ച് പുത്തന്‍ പദ്ധതികള്‍ രൂപീകരിക്കുമെന്ന നിലപാട് ദുരൂഹമാണ്. ഇതുവരെ ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ വിശദീകരണം നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് ബാധ്യത ഉണ്ടെന്നും ധനവിനിയോഗത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍സമരപരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമരസമിതി നേതാക്കളായ വിനോദ് പനയപ്പള്ളി, സി. മുരളീധരന്‍, പുത്തൂര്‍ രാജേഷ്, ടി. ബൈജു, പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജേഷ്, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ രഞ്ജിത്ത്, പുത്തൂര്‍ എസ്‌ഐ വി.പി. സുധീഷ്, വില്ലേജോഫീസര്‍ സുരേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അജി ആറ്റുവാശ്ശേരി (സിഐടിയു), ബിനു ചൂണ്ടാലില്‍ (ഐഎന്‍ടിയുസി), രമണന്‍, മാധവന്‍ നായര്‍ (എഐടിയുസി) തുടങ്ങിയവര്‍ പങ്കെടുത്തു.
















