അടിമാലി: യുഡിഎഫ് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലാ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫിന് യോഗ്യതയില്ലെന്നും സ്വന്തം വീഴ്‌ച്ച മറച്ച് വയ്‌ക്കുവാനുള്ള തന്ത്രമാണെന്നും ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തിലെ ആരോഗ്യമേഖല അപ്പാടെ തകര്‍ത്ത് തരിപ്പണമാക്കി. 2011ല്‍ പ്രഖ്യാപനം നടത്തി തുടങ്ങിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2014-15 ഭാഗീകമാക്കി പൂര്‍ത്തിയാക്കി അസൗകര്യങ്ങള്‍ക്ക് നടുവില്‍ തിടുക്കപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വിദ്യാര്‍ത്ഥികള്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ പഠനം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഈ വര്‍ഷം പ്രവേശനം തന്നെ നിര്‍ത്തിവച്ച് പ്രവേശനം പ്രതീക്ഷിച്ച കുട്ടികളെയും രക്ഷിതാക്കളെയും വെട്ടിലാക്കി. കഴിഞ്ഞ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും പ്രശ്‌നം ഗൗരവത്തിലെടുത്തില്ല. വിദ്യാര്‍ത്ഥികളുടെ ഭാവിയ്‌ക്ക് വെല്ലുവിളിയായ സംഭവത്തില്‍ ഇരുമുന്നണികളും തുല്യ കുറ്റക്കാരാണ്. കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വികസനത്തിനായി അനുവദിച്ച 58 കോടി രൂപയില്‍ 5 കോടി മാത്രമാണ് വിനിയോഗിച്ചത്. ജനൗഷധി മരുന്ന് മാഫിയയില്‍ നിന്ന് കോടികള്‍ കൈപ്പറ്റിക്കൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ചു. പിണറായി സര്‍ക്കാരും ഇതുവരെ ഇതിന് വേണ്ട നടപടികള്‍ ചെയ്തിട്ടില്ല. കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് ശുദ്ധജലമെത്തിക്കേണ്ട പെരിയാറിന്റെ പ്രധാന കൈവഴികളിലായി മുതിരപ്പുഴയാറും ദേവിയാറും മാലിന്യ കൂമ്പാരമായി മാറി. ഈ നദികള്‍ സംരക്ഷിക്കാനും മാലിന്യമുക്തമാക്കുവാനും ജില്ലാ കമ്മറ്റി പ്രമേയം പാസാക്കിയതായും
അദ്ദേഹം അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിക്ക് രണ്ട് കോടി സൗരോര്‍ജ യൂണിറ്റ് അനുവദിച്ചതായും ഇടുക്കി ജില്ലയ്‌ക്ക് സമഗ്ര വികസനത്തിനായി കേന്ദ്ര ഫണ്ട് അനുവദിക്കുന്നതിന് ശ്രമം നടക്കുന്നതായും അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗം പി എ വേലുക്കുട്ടന്‍, ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍, ജില്ല ജന.സെക്രട്ടറി സോജന്‍ ജോസഫ്, ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി എന്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















