കുമളി: ഇടുക്കി ജില്ലയിലെ തേയില, ഏലം തോട്ടങ്ങളിലേക്കു കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാതെ തൊഴിലാളികള്‍ എന്ന വ്യാജേന അന്യസംസ്ഥാനക്കാര്‍ കൂട്ടത്തോടെ എത്തിച്ചേരുന്നതായി വിവരം. ഇവര്‍ക്ക് പിന്തുണ നല്‍കുന്നതാകട്ടെ കേരളത്തില്‍ തന്നെയുള്ള ഏജന്റുമാര്‍. ഈ രീതിയില്‍ ഇവിടെ എത്തുന്ന അന്യസംസ്ഥാനകാരില്‍ നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തവരും, തീവ്രവാദ ബന്ധമുള്ളവരും ഉള്‍പെടുന്നുണ്ട്. സ്വന്തം നാട്ടില്‍ ക്രിമിനല്‍ കേസില്‍പെടുന്നവര്‍ ഏറ്റവും സുരക്ഷിതമായ ഒളിത്താവളം എന്ന നിലയിലാണ് ഇടുക്കിയിലെ തോട്ടം മേഖല തെരഞ്ഞെടുക്കുന്നത്. ആയിരകണക്കിന് ഹെക്ടറുകള്‍ വ്യാപിച്ചു കിടക്കുന്ന തേയില തോട്ടങ്ങളില്‍ നിയമപാലകരുടെ ശ്രദ്ധ എളുപ്പത്തില്‍ എത്തിച്ചേരില്ല എന്നതിനാലാണ് ഇക്കൂട്ടര്‍ ഈ പ്രദേശങ്ങള്‍ താവളമാക്കുന്നത്. കേരളത്തിലെ പോലീസ് വകുപ്പ് ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പാലിക്കാത്തതും ഇവര്‍ക്ക് സഹായകമാകുന്നു. ഇടുക്കി ജില്ലയില്‍ എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് എന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന് കൃത്യമായ കണക്കില്ല. ഇക്കാര്യത്തില്‍ തോട്ടം ഉടമകള്‍ സ്വീകരിക്കുന്ന നിസ്സഹകരണവും പൊലീസിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഓരോ തോട്ടത്തിലും ജോലിയെടുക്കുന്ന അന്യ സംസ്ഥാനക്കാരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സഹിതം പൂര്‍ണമായ വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനുകളില്‍ സമര്‍പ്പിക്കണം എന്ന് നിസ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഇതു കൃത്യമായി പാലിക്കപ്പെടുന്നില്ല. കുത്തക മാനേജ്‌മെന്റുകളെ പിണക്കാന്‍ താല്പര്യമില്ലാത്ത നിയമപാലകര്‍ മുതലാളിമാര്‍ക്കെതിരായി നടപടിക്കു തയ്യാറാകുന്നിമില്ല എന്നതാണ് വസ്തുത. ഏതു സംസ്ഥാനത്തു നിന്നും ഇവിടെ എത്തുന്നവര്‍ക്ക് കേരളത്തില്‍ തന്നെ കൃത്രിമ രേഖകള്‍ തയ്യാറാക്കി നല്‍കാന്‍ ഒരു സംഘം ആളുകള്‍ സജീവമാണ് എന്നാണ് വണ്ടിപെരിയാറ്റിലെ സംഭവം സൂചിപ്പിക്കുന്നത്. ഏതെങ്കിലും കുറ്റ കൃത്യങ്ങള്‍ ഉണ്ടായ ശേഷം അഅ
ന്യ സംസ്ഥാനക്കാരേ അന്വേഷിച്ചിറങ്ങുന്നവര്‍ മുന്‍കൂട്ടി ജാഗ്രത പാലിക്കേണ്ടതിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
















