കല്‍പ്പറ്റ : ഗോത്രവര്‍ഗമേഖലയിലെ ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മൂന്ന് താലൂക്കുകള്‍ക്കും 10ലക്ഷംരൂപ വീതം അനുവദിക്കുമെന്ന് ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. മൂന്ന് താലൂക്കുകളിലെയും രണ്ട്വീതം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. പോഷകാഹാരക്കുറവ് രൂക്ഷമായ മറ്റ്പഞ്ചായത്തുകളിലും നടപ്പിലാക്കും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആറ് മാസമാണ് പോഷകാഹാരം നല്‍കുക. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന എന്‍ആര്‍എച്ച്എം ഗവേണിംഗ് ബോഡിയുടെയും പകര്‍ച്ചവ്യാധി പ്രതിരോധ-നിയന്ത്രണത്തിന്റെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആംബുലന്‍സുകള്‍ വിളിച്ചാലും ലഭ്യമാവുന്നില്ലെന്ന പരാതി യോഗം ചര്‍ച്ച ചെയ്തു. ഇത്തരം പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. നബാര്‍ഡ് അനുവദിച്ച ആംബുലന്‍സുകള്‍ മീനങ്ങാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനും വൈത്തിരി ആശുപത്രിക്കും അനുവദിക്കും. പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത ആശ വര്‍ക്കര്‍മാരില്‍നിന്ന് വിശദീകരണം തേടുന്നതിന് മുമ്പായി ഇവരുടെ യോഗം വിളിച്ചുചേര്‍ക്കും.
ജില്ലയില്‍ 85 ശതമാനം പേര് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. ആശാദേവി അറിയിച്ചു. ഏതാനും പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവെപ്പിന്റെ ശതമാനം വളരെ കുറവാണ്. അതേസമയം ആദിവാസി മേഖലയില്‍ 99 ശതമാനം പേരും കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ജില്ലയില്‍ ഡിഫ്ത്തീരിയ സാധ്യത റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ കുത്തിവെപ്പിന് എതിരായി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടക്കുന്ന പ്രചാരണങ്ങളെ ഗൗരവതരമായി എടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഇത്തരം പ്രചാരണം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും കളക്ടര്‍ വ്യക്തമാക്കി.. അതേസമയം, ചെതലയത്ത് റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ സാധ്യത സംബന്ധിച്ച കേസില്‍ പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവ് ആണെന്ന് ഡി.എം.ഒ അറിയിച്ചു. ഡിഫ്തീരിയ സാധ്യത റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയുടെ വീടിന്റെ ചുറ്റുമുള്ള 100 വീടുകളില്‍ പരിശോധന നടത്തില്‍ ക്ലാസ് നടത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ജില്ലയില്‍ ഈ വര്‍ഷം ഡെങ്കിപ്പനി കൂടുതല്‍ പടരാനാണ് സാധ്യതയെന്ന് ഡി.എം.ഒ അറിയിച്ചു. ഇതിന് മുമ്പ് 2013ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നു വര്‍ഷം കൂടുമ്പോള്‍ ഡെങ്കിപ്പനി കേസുകളില്‍ വര്‍ധന കാണാറുണ്ട്.
ഹെപ്പറ്ററ്റൈറ്റിസ് എ കേസ് ഈവര്‍ഷം കുറവാണ്. എലിപ്പനി ജില്ലയില്‍ ഏറ്റവുംകൂടുതല്‍ പകരുന്നത് പശുക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണെന്നും ഡിഎംഒ അറിയിച്ചു. പശുവിന്റെ മൂത്രത്തിലൂടെയാണ് എലിപ്പനിപകരുന്നത്. അതിനാല്‍ ക്ഷീരകര്‍ഷകര്‍ ഗം ബൂട്ട്, ഗ്ലൗസ് എന്നിവയില്ലാതെപശുപരിപാലനം നടത്തരുത്. എലിപ്പനിക്കുള്ള പ്രതിരോധഗുളികയായ പ്രൊഫൈലാക്സിസ് കഴിക്കുന്നവര്‍ക്ക് രോഗംവരില്ല.
ജില്ലയില്‍ 17 മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 11 പേരും അന്യസംസ്ഥാന തൊഴിലാളികളാണ്. ജില്ലയില്‍ കുരങ്ങുപനി ഈ വര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. ഒമ്പത് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആളപായമുണ്ടായില്ല. ഇതില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെ കളക്ടര്‍ അഭിനന്ദിച്ചു. കുരങ്ങുപനിക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ട സമയം ഇപ്പോഴാണെന്നും ഡി.എം.ഒ അറിയിച്ചു.
നാല് ചികുന്‍ഗുനിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കുടകില്‍ ഇഞ്ചികൃഷിക്ക് പോയവരിലാണ് രോഗം റിപ്പോര്‍ട്ട് ചെയതത. ഇതുവരെ പനിയും വയറിളക്കവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പട്ടിക വര്‍ഗ കോളനികളിലാണ് രോഗസാധ്യത കൂടുതലുള്ളത്. വയറിളക്കം തടയാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. കക്കൂസ് മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ കലരുന്നതാണ് വയറിളക്കം പടരാന്‍ കാരണം. കക്കൂസ് മാലിന്യങ്ങള്‍ തോടുകളിലേക്കും പുഴകളിലേക്കും ഒഴുക്കി വിടുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വീടുകളും കെട്ടിടങ്ങളും സന്ദര്‍ശിച്ച് ഇതു സംബന്ധിച്ച് പരിശോധന നടത്തും.
മാസത്തില്‍ രണ്ടു തവണ ഒന്നാമത്തെയും മൂന്നാമത്തെയും തിങ്കളാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ശുചീകരണം നടത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഡെങ്കിപ്പനി പടരുന്നതിന്റെ പ്രധാന സ്രോതസ്സുകള്‍ തൊഴിലിടങ്ങളാണെന്ന് ഡി.എം.ഒ അറിയിച്ചു. ഇപ്പോള്‍ എല്ലാ മാസവും സ്കൂളുകളില്‍ വെള്ളിയാഴ്ചയും ഓഫീസുകളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും കൊതുകു നിര്‍മാര്‍ജനത്തിനായി ഡ്രൈഡേ ആയി ആചരിക്കുന്നുണ്ട്.
യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. ഇ.ബിജോയ്, ഡോ. പി.ജയേഷ്, ഡോ. കെ.സന്തോഷ്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസ്, ഡിഎംഒ (ഹോമിയോ) ഡോ. എന്‍. സോമന് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വകാര്യ ആരോഗ്യ മേഖലയില്‍ മികച്ച ഡോക്ടര്‍ക്കുള്ള 2015ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ ഫാത്തിമ മാതാ മിഷന് ഹോസ്പിറ്റലിലെ സിസ്റ്റര്‍ ഡോ. ബെറ്റി ജോസഫിന് ജില്ലാ കളക്ടര്‍ ഉപഹാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: