കല്‍പ്പറ്റ : അച്ചടി മാധ്യമങ്ങള്‍ അല്ല ഗ്രാമീണ റിപ്പോര്‍ട്ടിങ്ങാണ് ഇന്ന് മരിച്ചു കൊണ്ടിരിക്കുന്നത്. നഗര കേന്ദ്രീകൃതമായ സെന്‍സേഷണല്‍ പത്രപ്രവര്‍ത്തനം ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനെ ബാധിച്ചിട്ടുണ്ടെന്നും മാതൃഭൂമി ബുക്ക്സ് മുന്‍ എഡിറ്റര്‍ ഒ.കെ.ജോണി. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല (വാര്‍ത്താലാപ്) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. മാധ്യമ പ്രവര്‍ത്തകര്‍ ഔദ്യോഗിക ഭാഷ്യങ്ങളെ തമസ്കരിക്കുകയല്ല മറിച്ച് അവയെ പരിശോധിക്കുകയാണ് വേണ്ടത്. ലോകത്ത് പത്രപ്രവര്‍ത്തനത്തില്‍ വരുന്ന മാറുന്ന പ്രവണതകള്‍ ജേണലിസം സിലബസിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളൊന്നും ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) ഡപ്യൂട്ടിഡയറക്ടര്‍ മയുഷ.എ. എം. പിഐബിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെയും നയങ്ങളുടെയും റിപ്പോര്‍ട്ടിങ്ങിനെ സംബന്ധിച്ചും വിശദീകരിച്ചു. പിഐബി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ ഐസക് ഈപ്പന് സ്വാഗതം ആശംസിച്ചു.
ഇന്ദ്രധനുഷ് ദൗത്യം വെല്ലുവിളികളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ജയകൃഷ്ണന് തയ്യില്‍ ക്ലാസെടുത്തു. കുത്തിവയ്പ്പിനെ സംബന്ധിച്ച അശാസ്ത്രീയ കാര്യങ്ങള്‍ പ്രചരപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്ക്കണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുപരിപാടികളില്‍ നിന്ന് വലിച്ചെറിയാവുന്ന സാമഗ്രികള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് സ്വച്ഛ ഭാരത് അഭിയാന് തത്സഥിതിയെ കുറിച്ച് ക്ലാസെടുത്തു കൊണ്ട് ജില്ലയിലെ സ്വച്ഛ ഭാരത് ദൗത്യത്തിന്റെ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ രജീഷ് കെ. പറഞ്ഞു. മുനിസിപ്പല്‍ പ്രദേശത്ത് മാലിന്യം കുന്നുകൂടുന്ന ഇടങ്ങളിലെ ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്താല്‍ 28 ദിവസത്തിനകം അതിന് പരിഹാരം ഉണ്ടാക്കുന്ന ജനാഗ്രഹ എന്ന ആപ്ലിക്കേഷന്‍ കേന്ദ്ര ഗവണ്മെന്റ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. വയനാട്ടിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനങ്ങള്‍ കര്‍ഷകരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റയിലെ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.യു ദാസ് ക്ലാസെടുത്തു. സാമൂഹിക സുരക്ഷയ്ക്ക് ഭക്ഷ്യസുരക്ഷ അനിവാര്യമാണെന്നും ഭക്ഷ്യസുരക്ഷയുണ്ടാകാന്‍ സാമ്പത്തിക ഭദ്രതയേക്കാല് ആവശ്യം പാരിസ്ഥിതിക ഭദ്രതയാണെന്നും അദ്ദേഹം പറഞ്ഞു. എണ്‍പതോളം പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ശില്പശാലയില് പങ്കെടുത്തു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരും, കേന്ദ്ര ഗവണ്മെന്റും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രവാര്ത്താവിതരണപ്രക്ഷേപണമന്ത്രാലയം ആവിഷ്കരിക്കുന്ന പ്രത്യേക പരിപാടിയാണ് വാര്‍ത്താലാപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: