മാനന്തവാടി : വനവാസികളടക്കം നൂറു കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തോണിച്ചാല്‍ അത്തേരിക്കുന്നിലെ അനധികൃത ക്രഷര്‍യൂണിറ്റിനെതിരെ ജനരോഷം പുകയുന്നു. ഇരുപത് വര്‍ഷംമുമ്പ് സിമന്റ്കട്ട നിര്‍മ്മിക്കുന്നതിനായി പ്രവര്‍ത്തനമാരംഭിച്ച ശിലബ്രിക്സ് എന്ന സ്ഥാപനത്തിനെതിരെ അന്നുമുതല്ക്കേ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും ഉടമയുടെ സ്വാധീനത്തിനുമുന്നില്‍ അതെല്ലാം കെട്ടടങ്ങുകയായിരുന്നു.
എന്നാല്‍ യാതൊരുവിധ അനുമതിയുമില്ലാതെ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച വലിയബോളറുകള് പൊടിക്കാ ന് തക്കശേഷിയളള 115 എച്ച്പി മോട്ടോര്‍ ഉപയോഗിച്ച് ക്രഷറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയതോടുകൂടിയാണ് പ്രദേശവാസികളുടെ ദുരിതത്തിന് ആക്കംകൂടിയത്. ക്രഷറിന്റെ ടെസ്റ്റ് റണ്‍ നടത്തിയപ്പോള്മുതല് പരിസരപ്രദേശങ്ങളിലുളള വീടുകള്‍ക്ക് വിളളല്‍ വീണ് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ സമരമുഖത്തേക്കിറങ്ങിയ പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എടവകഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്രഷര്‍യൂണിറ്റിന് 2015-16 വര്‍ഷത്തേക്കുളള ലൈസന്‍സ് നിരസിക്കുകയായിരുന്നു.
ഇതിനെതിരെ ഹൈക്കോടതിയില്‍ ക്രഷര്‍ ഉടമ നല്കിയ ഹര്‍ജികള്‍ ഇതുവരെയും തീര്‍പ്പായിട്ടില്ല. ലൈസന്‍സ് പുതുക്കാനുളള ഈ വര്‍ഷത്തെ അപേക്ഷയും നിരസിക്കപ്പെട്ടതോടെ, ഇതിനെതിരെ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുളള ട്രിബ്യൂണല്മുമ്പാകെ ഉടമ സമര്‍പ്പിച്ച അപ്പീലിന്മേല് കേരളപഞ്ചായത്ത് രാജ് നിയമത്തിലെ 276(2) വകുപ്പ് പ്രകാരം പഞ്ചായത്ത് ഭരണസമിതി മുമ്പാകെ അപ്പീല്‍ നല്കുവാനും ആയത് ഭരണസമിതിയുടെ പരിഗണനക്ക് വരുന്നത്വരെ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിറങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാതെ ക്രഷറുടമയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്.
ക്രഷര്‍ യൂണിറ്റിന്റെ എഴുപത്തിയഞ്ച് മീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന അത്തേരിക്കുന്ന് കോളനിയടക്കം ഇരുപതോളം കുടുംബങ്ങളാണ് തങ്ങളുടെ ദുര്‍വിധിയെ ശപിച്ച് ജീവിതം തളളിനീക്കുന്നത്. മാത്രമല്ല ക്രഷറിന്റെ സമീപത്തുകൂടി കടന്നുപോകുന്ന ഇടുങ്ങിയ പൊതുറോഡിലൂടെ വിദ്യാര്ത്ഥികളടക്കമുളളവരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് തലങ്ങും വിലങ്ങും ചീറിപ്പായുന്ന ടിപ്പര്ലോറികളുയര്ത്തുന്ന അപകടഭീഷണിയും ചില്ലറയല്ല. ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപെട്ട വകുപ്പുകള്‍ പുറപ്പെടുവിച്ചിട്ടുളള നിബന്ധകള്‍ ഒന്നും പാലിക്കാതെ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ക്രഷര്‍യൂണിറ്റിന് വേണ്ട ഒത്താശകള്ചെയ്യുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജില്ലാ ഓഫീസിലെ ചിലഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണസമിതിയുമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അത്തേരിക്കുന്നിലെ നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് അധികൃതര്‍ തയ്യാറാകാത്ത പക്ഷം ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ അനിശ്ചിതകാല ഉപവാസമടക്കമുളള സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: