മലപ്പുറം: ജില്ലയില്‍ ജൂണ്‍ മുതല്‍ ഇന്നുവരെ 57 ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ഉമര്‍ ഫാറൂഖ് അറിയിച്ചു. ഇതില്‍ രണ്ട് മരണവും 25 കേസുകള്‍ സ്ഥിതീകരിക്കുകയും ചെയ്തു. ഇതില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രണ്ടുപേര്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. നേരത്തെ എട്ട് ആരോഗ്യ ബ്ലോക്കുകളില്‍ നിന്നുമായിരുന്നു ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പുതുതായി വന്ന കേസുകള്‍ വണ്ടൂര്‍, പൂക്കോട്ടൂര്‍, എടവണ്ണ, മേലാറ്റൂര്‍ ബ്ലോക്കില്‍ നിന്നുമാണ്. ഇതോടെ 15 ആരോഗ്യ ബ്ലോക്കുകളില്‍ 12 എണ്ണത്തില്‍ നിന്നും കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ടി.ഡി.വാക്സിന് നല്കിയാല് പ്രതിരോധ ശേഷി ആര്‍ജിക്കുന്നതിന് മൂന്ന് മുതല്‍ നാല് ആഴ്ചവരെ സമയമെടുക്കുന്നതിനാല്‍ ഇതോടൊപ്പം രോഗപകര്‍ച്ച തടയുന്നതിന് താഴെ കൊടുക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നത് പ്രധാനമാണെന്ന് ഡി.എം.ഒ ഡോ. വി.ഉമര്‍ ഫാറൂഖ് അറിയിച്ചു. തൊണ്ടവേദനയും പനിയും ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം എറിത്രോമൈസിന് ആന്റി ബയോട്ടിക് ഗുളിക കഴിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവ്വല്‍ ഉപയോഗിച്ച് മുഖം പൊത്തണം. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലേക്ക് തത്ക്കാലം യാത്രകള്‍ കഴിവതും ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: