തലപ്പുഴ : വനവാസിയുടെ ഭൂമി കൃത്രിമ ആധാരം ഉണ്ടാക്കി തട്ടിയെടുത്തതായി പരാതി. തലപ്പുഴ ഇടിക്കര കരയതിങ്കല് കേളുവാണ് പരാതിക്കാരന്.
തന്റെ അച്ഛന് അച്ചപ്പന്‍ 1978 ല്‍ തവിഞ്ഞാല്‍ വില്ലേജിലെ റി സര്‍വ്വെ 70ല്‍ രണ്ട് ഏക്കര്‍ ഭൂമി പട്ടയം ലഭിച്ചിരുന്നു. അച്ഛന്റെ കാലശേഷം മക്കളായ കേളു, അമ്മിണി, സുമ എന്നിവര്‍ അനുഭവിച്ചുവരികയും 2014-2015 വരെ നികുതി അടയ്ക്കുകയും തലപ്പുഴ കാനറാ ബാങ്കില്‍നിന്നും രണ്ട് ഏക്കര്‍ സ്ഥലം പണയപ്പെടുത്തി വായ്പ തരപ്പെടുത്തിയതുമാണ്. എന്നാല്‍ ഈ വര്‍ഷത്തെ നികുതി അടയ്ക്കാന്‍ വില്ലേജില്‍ എത്തിയപ്പോള്‍ രണ്ട് ഏക്കറില്‍ ഒരു ഏക്കറില്മാത്രമെ നികുതി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ എന്നും ബാക്കി ഒരു ഏക്കര്‍ മറ്റൊരാളുടെതുമാണെന്നാണ് പറയുന്നത്.
തന്റെ സഹോദരി സുമ നികുതി അടയ്ക്കാന്‍ വില്ലേജിലെത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും ഇതുസംബന്ധിച്ച് എസ്എംഎസ് ഡിവൈഎസ്പി ക്ക് പരാതി നല്‍കിയെങ്കിലും നാളിതുവരെ നടപടി സ്വീകരിച്ചില്ലെന്നും കേളു കുറ്റപ്പെടുത്തി. എന്നാല്‍ കോടതി വിധി പ്രകാരം ഒരു ഏക്കര്‍ ഭൂമി മറ്റൊരു സ്വകാര്യവ്യക്തിയുടേതായതാണ് ഒരേക്കറിന് നികുതി സ്വീകരിക്കാത്തതെന്നും വില്ലേജ്അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: