പുത്തൂര്‍: മാലിന്യത്തോടായി മാറിയ പുത്തൂര്‍ ചന്തയുടെ നവീകരണ നടപടികള്‍ ആവശ്യപ്പെട്ട് ബിജെപിയുടെയും ബിഎംഎസിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല ഉപരോധത്തില്‍ വ്യാപാരം സ്തംഭിച്ചു.
ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച മാലിന്യസംഭരണി പൊട്ടിയൊലിച്ചതിനെത്തുടര്‍ന്ന് മാര്‍ക്കറ്റിനുള്ളിലെ കാല്‍നടയാത്രപോലും ദുസഹമായപ്പോഴാണ് സമരം ആരംഭിച്ചത്.
ചന്ത സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിന് മുന്നോടിയായി കഴിഞ്ഞദിവസം വ്യാപാരികളും നാട്ടുകാരും അടക്കമുള്ളവര്‍ ബിജെപിയുടെയും ബിഎംഎസിന്റെയും നേതൃത്വത്തില്‍ കുളക്കട പഞ്ചായത്തോഫീസ് ഉപരോധിച്ചിരുന്നു.
പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നതുവരെ ചന്ത പ്രവര്‍ത്തിക്കില്ലെന്ന നിലപാടിലാണ് വ്യാപാരികളും മത്സ്യവിപണനത്തിന് എത്തുന്നവരും. അതേസമയം നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ ചെലവഴിച്ചുവെന്ന് അവകാശപ്പെടുന്ന പണം ഏതുവഴിക്കുപോയെന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് കരീപ്ര വിജയകുമാര്‍ ആവശ്യപ്പെട്ടു. കുളക്കട പഞ്ചായത്തോഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഎംഎസ് പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി-ബിഎംഎസ് നേതാക്കളായ ബൈജു ചെറുപൊയ്‌ക, വിനോദ് പനയപ്പള്ളി, ആര്‍. വിശ്വനാഥന്‍, ആര്‍.ഭാസ്‌കരപിള്ള, സുരേഷ്, ജയന്‍ കുളക്കട, ഷാലു കുളക്കട, മൈലംകുളം ഹരി തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചന്ത അനിശ്ചിതകാലത്തേക്ക് അടച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ആലോചനയിലാണ് പഞ്ചായത്ത് അധികൃതരെന്നാണ് സൂചന. രാവിലെ മുതല്‍ വൈകുന്നേരം വരെ സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകളാണ് മത്സ്യവിപണനത്തിനും മറ്റുമായി ചന്തയിലെത്തുന്നത്. അവര്‍ക്ക് പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ നാളിതുവരെ പഞ്ചായത്ത് അധികാരികള്‍ തയ്യാറായിട്ടില്ല. അതേസമയം നാട്ടുകാര്‍ ചന്തയെ ഒരു മാലിന്യനിക്ഷേപകേന്ദ്രമായി കാണുന്നതും തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
പൊട്ടിയൊലിക്കുന്ന മലിനജലത്തില്‍ നിന്ന് ഈച്ചകളും മറ്റ് പ്രാണികളും മത്സ്യം മുതല്‍ പച്ചക്കറി വരെ എല്ലാത്തിലും വന്നുപറ്റുന്നതും ഭീഷണിയായിട്ടുണ്ട്. ചന്തയ്‌ക്കുള്ളിലെ അറവുശാലയും മതിയായ സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലാത്തതാണ്. പുത്തൂര്‍ ചന്തയില്‍ നിന്ന് സാധനം വാങ്ങിയാല്‍ മാരകരോഗങ്ങള്‍ സൗജന്യമായി ലഭിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
സമരസമിതി ഭാരവാഹികള്‍; പനയപള്ളി വിനോദ് (കണ്‍വീനര്‍), സുരേഷ്‌കുമാര്‍, എന്‍.വി.മോഹന്‍ദാസ്, ഗോപന്‍, വിശ്വംഭരന്‍(ജോ.കണ്‍വീനര്‍മാര്‍), സി.മുരളീധരന്‍ (സംയോജകന്‍)
















