കല്‍പ്പറ്റ : മീന്മുട്ടി വെള്ളച്ചാട്ടം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 22ന് മേപ്പാടി റെയിഞ്ച് ഓഫീസിലേക്ക് ധര്‍ണ നടത്തുമെന്ന് മീന്മുട്ടി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല് പ്പറ്റയില് പത്രസമ്മേളനത്തില്‍ പറഞ്ഞു. അതിനുമുന്നോടിയായി ഇന്ന് വടുവന്‍ചാലില്‍ പൊതുയോഗം സംഘടിപ്പിക്കും. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിലെ ബടേരി സെക്ഷനില്‍ സ്ഥിതി ചെയ്യുന്ന മീന്മുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ട് മൂന്ന് വര്‍ഷത്തിലധികമായി. മൂന്ന് തട്ടുകളിലായി സഞ്ചാരികളുടെ മനം കവരുന്ന വെള്ളച്ചാട്ടവും കാനനഭംഗിയും കാണുന്നതിന് വിദേശികളടക്കമുള്ള നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. രണ്ട് യുവാക്കള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചതോടെ 2012 ഫെബ്രുവരിയിലാണ് വെള്ളച്ചാട്ടം അടക്കുന്നത്.
അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും മതിയായ സുരക്ഷ ഒരുക്കുന്നതിനുമാണ് വെള്ളച്ചാട്ടം അടച്ചിട്ടതെങ്കിലും കാര്യമായ നവീകരണപ്രവര്‍ത്തി നടന്നിട്ടില്ല. ഇവിടേക്കുള്ള കൈവരികള്‍ സ്ഥാപിക്കുന്നതിനും, പടവുകള്‍ നിര്‍മിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഇതുവരെയും നടത്തിയിട്ടില്ല. ഇവിടേക്കുള്ള റോഡ് ഭാഗികമായി ടാര്‍ ചെയ്തിട്ടുള്ളു. മാസത്തില്‍ ലക്ഷങ്ങളുടെ വരുമാനമാണ് ഇവിടെ ലഭിച്ചിരുന്നത്. വെള്ളച്ചാട്ടം അടച്ചിട്ടതോടുകൂടി ടാക്സി വാഹനങ്ങള്‍, ഹോട്ടല്‍, റിസോട്ട്, വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവ പ്രതിസന്ധിയിലായി. കാടശ്ശേരിയിലുള്ള സണ്‍റൈസ് വാലിയിലും സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇവിടെ കൈവരികള്‍ സ്ഥാപിച്ച് സുരക്ഷ ഏര്‍പ്പെടുത്തുകയും, അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും വേണം. മതിയായ സുരക്ഷാ സംവിധാനമൊരുക്കി മീന്മുട്ടിയും സണ്‍റൈസ് വാലിയും ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് പി.പ്രകാശ്, കണ്‍വീനര്‍ പി.ഒ.തോമസ്, ഇ.സി.രാജന്, വേലായുധന് നായര്‍, ജോബിന് എന്നിവര്‍ പങ്കെടുത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: