സ്വന്തം ലേഖകന്‍
മലപ്പുറം: ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ തമ്മിലുള്ള ഏകോപനമില്ലായ്മ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഡിഎംഒ മുതല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇസ്പെക്ടര്‍മാര്‍ വരെ ഞങ്ങളാണ് വലുതെന്ന ഭാവം തുടര്‍ന്നതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണം. ജില്ലയില്‍ ഡിഫ്തീരിയ, കോളറ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പെരുകുകയാണ്. ആരോഗ്യവകുപ്പ് കൃത്യമായ സമയങ്ങളില്‍ ഇടപെടാത്തതാണ് വീണ്ടും രോഗങ്ങള്‍ തലപൊക്കാന്‍ കാരണം. ഡോക്ടര്‍മാരുടെ സംഘടനയും ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോള്‍ നഷ്ടം സംഭവിച്ചത് സാധാരണ ജനങ്ങള്‍ക്കാണ്. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനാവാതെ ജനങ്ങള്‍ വലയുകയാണ്. ഡോക്ടര്‍മാരുടെ സംഘടനയുടെ കടുംപിടുത്തമാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. ഒരു ഡോക്ടറുടെ കടമ മറന്നുകൊണ്ട് ചിലര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യപ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ജോലിയില്‍ ശ്രദ്ധിക്കാതായപ്പോള്‍ ജില്ലയുടെ ആരോഗ്യസ്ഥിതി വഷളായി. ഡിഎംഒ ഡോക്ടര്‍മാരുടെ സംഘടനയുടെ വാക്താവായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും നിലവിലുണ്ട്.
മെഡിക്കല്‍ ബിരുദമില്ലാത്ത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരോട് ഡോക്ടര്‍മാര്‍ അയിത്തം കല്പിക്കുകയാണ്. ജില്ല അവലോകന യോഗത്തില്‍ പോലും ഇത് പ്രകടമാണ്. ഒരു പ്രഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതും അവിടേക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള രോഗികളെ കൊണ്ടുവരുന്നതും തുടങ്ങി ക്യാമ്പിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുന്നവരാണ് ഹെല്‍ത്ത് ഇന്സ്പെടക്ടര്മാര്. എന്നാല്‍ ഇവര്‍ക്ക് മെഡിക്കല്‍ ബിരുദമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ സഹകരിക്കാതെ മാറി നില്‍ക്കുകയാണ്. ആളുകളെ സംഘടിപ്പിക്കാനും നേതൃത്വം നല്‍കാനും എന്തിനാണ് മെഡിക്കല്‍ ബിരുദമെന്ന് ചോദിച്ചാല്‍ അതിന് മാത്രം മറുപടിയില്ല.
ഡിഎംഒയാണ് ഇതില്‍ ഇടപെട്ട് എല്ലാവരെയും ഏകോപിപിച്ച് കൊണ്ടുപോകേണ്ടത്. എന്നാല്‍ അതിന് അദ്ദേഹം മുതിരുന്നില്ല. ഡിഎംഒയുടെ പിടിപ്പുകേടാണ് ജില്ലയിലെ ആരോഗ്യരംഗം ഇത്രയും താറുമാറാകാന്‍ കാരണമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കുകയും അത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്യുന്നതോടെ ജോലി കഴിഞ്ഞുയെന്നാണ് ഡിഎംഒയുട ധാരണ. സ്വകാര്യ പ്രാക്ടീസ് അടക്കമുള്ള കാര്യങ്ങള്‍ ഡിഎംഒ ചെയ്യുന്നതായി മുമ്പ് വാര്‍ത്ത വന്നിരുന്നു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ആരോഗ്യവകുപ്പാണ് ഈ അനാസ്ഥ തുടരുന്നത്. ഡിഫ്തീരിയ ബാധിച്ച് രണ്ട് കുട്ടികള്‍ മരിക്കുകയും പത്തോളം പേര്‍ക്ക് രോഗം സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പ്രതിരോധ വാക്സിന് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഡിഎംഒ ഒഴിഞ്ഞുമാറുകയാണ്. കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും കോളറ ഭയാനകമാകും വിധം പടര്‍ന്നു കഴിഞ്ഞു. പക്ഷേ പ്രതിരോധ നടപടികളൊന്നും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് കരുവാരക്കുണ്ട് മേഖലയില്‍ പകര്‍ച്ചപ്പനി വ്യാപിച്ചെങ്കിലും ഇതുവരെ അത് നിയന്ത്രണ വിധേയമാക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.
സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങുന്നവര്‍ തന്നെ ജനങ്ങളെ ദ്രോഹിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇനിയും പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ ജനസംഖ്യക്ക് വലിയ കുറവ് സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: