കോഴഞ്ചേരി: പള്ളിയോടത്തില്‍ നിന്ന് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് നീണ്ട തിരച്ചിലിനൊടുവില്‍. ആറാട്ടുപുഴ പാലത്തിന് സമീപത്ത് നിന്നും തിങ്കള്‍ രാത്രി 10.30 ന് രാജീവിന്റെയും മാലക്കര പള്ളിയോടക്കടവില്‍ നിന്ന് ചൊവ്വാഴ് പുലര്‍ച്ചെ 2.30 ന് വിഷ്ണുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. അപകടമുണ്ടായ ഞായറാഴ്ച ഉച്ചമുതല്‍ അഗ്നിശമന സേനയും പള്ളിയോട സേവാസംഘവും നാട്ടുകാരും പമ്പാനദിയില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നും നേവിയുടെ മുങ്ങല്‍ വിദഗ്ധരും തിരച്ചിലിനായി എത്തിയത്. നദിയിലെ ചുഴികളും വെള്ളത്തിന്റെ തണുപ്പും അവഗണിച്ചാണ് മുങ്ങല്‍ വിദഗ്ധര്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ അഗ്നിശമനസേനയും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് പള്ളിയോട സേവാസംഘം നേതൃത്വത്തില്‍ രാത്രി ഹാലജന്‍ ലൈറ്റ് സജ്ജീകരിച്ച ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 10. 30 ന് ആറാട്ടുപുഴയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ഇത് രാജീവിന്റെയാണെന്ന് തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ ആറന്മുള പൊലീസില്‍ വിവരം കൈമാറി. ആറാട്ടുപുള പള്ളിയോടക്കടവില്‍ നിന്ന് പൊലീസ് ആംബുംലന്സലേക്ക് കയറ്റി. 12 മണിയോടെ പൊലീസ് മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് സംഘം പുത്തന്‍കാവ് മുതല്‍ മുകളിലോട്ട് പമ്പയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാലക്കരയ്ക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. മാലക്കര പള്ളിയോടക്കടവില്‍ മൃതദേഹം എത്തിച്ച് പൊലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: