തൃശൂര്‍:ശിശു ലിംഗാനുപാതം കുത്തനെ കുറയുന്നത് തടയാനും പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്താനുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് തൃശൂര്‍ ജില്ല മാത്രം. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ശിശുലിംഗാനുപാത നിരക്ക് പ്രകടിപ്പിക്കുന്നുവെന്ന ആശങ്കജനകമായ സ്ഥിതിവിശേഷമാണ് തൃശൂരിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്.
രാജ്യത്ത് പെണ്‍കുട്ടികളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ 100 ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് തൃശൂര്‍ ജില്ലയിലെ ശിശു ലിംഗാനുപാതം 958 ആയിരുന്നുവെങ്കില്‍ 2011 ലെ കണക്കില്‍ ഇത് 950 ആയി കുറഞ്ഞു. പെണ്‍ഭ്രൂണഹത്യ വ്യാപകമാവുന്നോ എന്ന ആശങ്കയുണര്‍ത്തുന്നതാണ് ഈ കുറവെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈയൊരു പ്രതികൂല സാഹചര്യത്തിലാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലയില്‍ നടപ്പാക്കിവരുന്നത്. ലിംഗവിവേചന പരമായ ഭ്രൂണഹത്യ തടയുക, പെണ്‍കുട്ടികളുടെ അതിജീവനവും സംരക്ഷണവും ഉറപ്പ് വരുത്തുക, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നിവയാണ് പരിപാടിയുടെ ഉദ്ദേശ്യം.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ജില്ലാ ബ്ലോക്ക് തല ഉദേ്യാഗസസ്ഥര്ക്കായി പ്രതേ്യക ബോധവല്‍ക്കരണ പരിശീലന ശില്പശാല നടന്നു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചശില്പശാലയില് ആരോഗ്യം, വിദ്യാഭ്യാസം, പോലീസ് ബ്ലോക്ക് ഡവലപ്പ്മെന്റ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ സംബന്ധിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ലക്ചറര്‍ ഡോ. കെ.ജി. രാധാകൃഷ്ണന്, ശിശു ക്ഷേമസമിതി അംഗം അഡ്വ. സീന രാജഗോപാല്‍, മായ ശശിധരന് എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. ആര്. പ്രദീപന്, സീനിയര്‍ സൂപ്രണ്ട് ഷറഫുദ്ദീന് എന്നിവര്‍ സംബന്ധിച്ചു. സാമൂഹ്യനീതി പ്രോഗ്രാം ഓഫീസര്‍ പി. മീര സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: