തൊടുപുഴ : അരനൂറ്റാണ്ടിലേറെ ആയുര്‍വേദ ആതുരശുശ്രൂഷാരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ഡോ.എംആര്‍പി മേനോന്റെ വിയോഗം തൊടുപുഴക്കാര്‍ക്ക് തീരാനഷ്ടമായി. പാവപ്പെട്ടവരുടെ ഡോക്ടര്‍ എന്ന് എല്ലാവരും പറഞ്ഞിരുന്ന ഡോ.മേനോന്റെ ജീവിതം സമര്‍പ്പിത ജീവിതത്തിന്റെ ഉത്തമാതൃകയായിരുന്നു. വിവിധ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ച ശേഷം ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറായി വിരമിച്ച ഡോ.മേനോനെ ഈ പദവികളേക്കാള്‍ വ്യത്യസ്ഥനാക്കിയത് ഔദ്യോഗിത ജോലിക്ക് ശേഷം ഈസ്റ്റ്കലൂരുള്ള വീടിനടുത്തും പിന്നീട് വീട്ടിലും നടത്തിയ സ്വകാര്യ ക്ലിനിക്ക് തന്നെയാണ്. പ്രൈവറ്റ് പ്രാക്ടീസ് ഡോക്ടര്‍മാരില്‍ ചിലരെങ്കിലും ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി മാത്രം കാണുമ്പോഴും ഡോ.മേനോന്‍ അത് സേവനത്തിനുള്ള അവസരമായിട്ടാണ് കണ്ടിട്ടുള്ളത്. മരുന്ന് നല്‍കിയ ശേഷം എത്രരൂപയാണ് എന്ന് ചോദിച്ചാല്‍ മരുന്നിന്റെ വിലമാത്രം പറയുന്ന ഡോക്ടര്‍ പാവങ്ങള്‍ക്ക് എന്നും ആശ്വാസമായിരുന്നു. പാവങ്ങളോട് മരുന്നുവില പോലും വാങ്ങാറില്ലായിരുന്നു. എല്ലാവര്‍ക്കും സ്വീകാര്യമായിരുന്ന ശ്രേഷ്ഠ വ്യക്തിത്വത്തിന് ഉടമയായിരുന്ന ഡോക്ടറുടെ വിയോഗത്തിലൂടെ നാടിന് നഷ്ടപ്പെടുന്നത് ഒരു ഡോക്ടര്‍ ഇങ്ങനെയായിരിക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെടുന്ന, അറിയപ്പെടാത്ത മഹാനായ ഒരു മനുഷ്യസ്‌നേഹിയെയാണ്.
















