കുളമാവ്: കുളമാവില്‍ രണ്ടംഗ നായാട്ട് സംഘം പിടിയില്‍. ഉടുമ്പന്നൂര്‍ ഇടമറുക് പുതുപ്പറമ്പ് വീട്ടില്‍ പ്രസാദ് (37), കളപ്പുരയ്‌ക്കല്‍ ഡോളമി (26) എന്നിവരെയാണ് പട്രോളിങിനിടെ ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും നാടന്‍ തോക്കും തിരകളും വെടിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പ്രതികളെ അഞ്ചാംമൈല്‍ ചേരി ഭാഗത്തുനിന്നും പിടിച്ചത്. വനത്തിന് സമീപം റോഡരുകില്‍ നിന്ന ഇരുവരെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഒളിപ്പിച്ച നിലയില്‍ തോക്കും വെടിക്കോപ്പുകളും കണ്ടെത്തിയത്. ആന ഉള്‍പ്പെടെയുള്ള വന്യ ജീവികള്‍ നിരവധിയുള്ള മേഖലയാണ് ഇത്. പ്രതികളെ കുളമാവ് പോലീസിന് കൈമാറിയിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ ആംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















