നടത്തറ പഞ്ചായത്തിലെ കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണന് സംസാരിക്കുന്നു.
തൃശൂര്‍: പോലീസിന്റെ ഇടിവണ്ടി ഒരുരാത്രിയും പകലും വീടാക്കിമാറ്റി സമരക്കാര്‍. നടത്തറ പഞ്ചായത്തിലെ കരിങ്കല്‍ ക്വാറികള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വലക്കാവ് അച്ചന്‍കുന്ന് മേഖലയിലെ മലയോര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ രാപ്പകല്‍ സമരത്തിലാണ്. കഴിഞ്ഞ ദിവസം കളക്ടറുടെ ചേംബറിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം നല്‍കിയെങ്കിലും സമരക്കാര്‍ ഒഴിഞ്ഞ് പോകുവാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നര മണിവരെ 30 സ്ത്രീകളും 10കുട്ടികളും ബസ്സില്‍ കഴിഞ്ഞു.
തങ്ങളെ കയറ്റിയ പോലീസ് ബസ്സില്‍ നിന്നും നേതാക്കള്‍ കളക്ടറുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ച് ബസ്സില്‍ നിന്നും ഇറങ്ങിയത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കുവാന്‍ കഴിയാതെ പോലീസ് വണ്ടിയില്‍ തന്നെ ഇരിക്കേണ്ടിവന്നു. തിങ്കളാഴ്ച 5 മണി കഴിഞ്ഞപ്പോള്‍ കളക്ട്രേറ്റിലെ ബാത്ത്റൂമുകള്‍ പൂട്ടിയിരുന്നു. ഏക ആശ്രയമായിരുന്ന തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെ ബാത്ത് റൂമുകളാണ് ഒരു പരിധിവരെ ബസ്സിലുണ്ടായിരുന്ന സ്ത്രീകള്‍ ഉപയോഗിച്ചത്. പിന്നീട് ജനമൈത്രി പോലീസുകാര്‍ തന്നെ ബാത്ത് റൂമിലേക്കുള്ള സമരക്കാരുടെ വരവിന് വിലക്ക് ഏര്‍പ്പെടുത്തിയതായി പറയുന്നു. വെള്ളവും ഭക്ഷണവും ഇല്ലാതെ കുട്ടികളും സ്ത്രീകളും വലഞ്ഞു. ബസ്സിലെ സീറ്റുകളില്‍ ഞെങ്ങിഞെരുങ്ങിയാണ് ഇവര്‍ നേരം വെളുപ്പിച്ചത്.
നേരം വെളുത്തപ്പോള്‍ സമരത്തിന്റെ വീര്യം കൂടി പ്രതിഷേധമായ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പരിസ്ഥിതി ആദിവാസി സംഘടന പ്രവര്‍ത്തകര്‍ സമരക്കാര്‍ക്കുവേണ്ടി രംഗത്തിറങ്ങി. അനിഷ്ടസംഭവങ്ങള്‍ ഒഴവാക്കുവാന് ശക്തമായ പോലീസ് സാന്നിദ്ധ്യവും കളക്ട്രേറ്റ് പരിസരത്ത് വിന്യസിപ്പിച്ചു. വിവരമറിഞ്ഞ് മാധ്യമപടയും എത്തി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണന്, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, യുവമോര്‍ച്ച പ്രസിഡണ്ട് ഗോപിനാഥ്, ബിജെപി മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളഞ്ചേരി, സുന്ദര്‍രാജ് മാസ്റ്റര്‍, ജയന് കോനിക്കര, ടി.എന്‍.പ്രതാപന്, സുനില്‍ ലാലൂര്‍, ടി.കെ.വാസു, വി.കെ.രാജു, ശ്രീധരന് തേറമ്പില്‍ തുടങ്ങിയ നേതാക്കള്‍ ജില്ലാകളക്ടറുടെ വസതിയില്‍ എത്തി ഉച്ചക്ക് 12 മണിയോടുകൂടി ചര്‍ച്ച നടത്തി അനുഭാവപൂര്‍വമായ നിലപാടാണ് ജില്ലാകളക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഒന്നരയോടുകൂടി ഇടിവണ്ടിയിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അഡ്വ. ബി.ഗോപാലകൃഷ്ണന്, ടി.എന്‍.പ്രതാപന്, എ.നാഗേഷ് എന്നിവര്‍ പഴം നല്‍കിയാണ് ബസ്സില്‍ നിന്നും ഇറങ്ങിവന്നവരെ വരവേറ്റത്. ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തലാക്കുന്നതുവരെ രാപ്പകല്‍ സമരം തുടരുമെന്നും സമരസമിതിക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: