കസൂരി മേത്തി; കറികളിലെ കസ്തൂരി
മലയാളിയുടെ അടുക്കളയ്ക്ക് അത്രയേറെ പരിചിതമല്ലാത്തൊരു ചേരുവയാണ് കസൂരി മേത്തി. മേത്തിയെന്നാല് ഹിന്ദിയില്‍ ഉലുവയെന്ന് അര്‍ത്ഥം. ഉണക്കിയെടുത്ത ഉലുവയിലയാണ് കസൂരിമേത്തി. പാക്കിസ്ഥാന് പഞ്ചാബിലെ കസൂരില്‍ ഗ്രാമീണരുടെ പ്രധാന ഉപജീവനമാര്‍ഗമാണിത്.
കസൂരിന്റെ പ്രശസ്തിക്കൊപ്പം മേത്തിയുടെ നറുമണം കൂടിചേര്‍ന്നപ്പോള്‍ അത് കസൂരിമേത്തിയായി മാറി.
കസൂരിമേത്തിയുടെ മേമ്പൊടി ചേരാത്ത ഉത്തരേന്ത്യന്‍ കറികള്‍ വിരളമാണ്.അത് വെജായാലും നോണ്വെജായാലും. കുറുമയില്‍ പ്രത്യേകിച്ചും.പാലക്,ഗ്രീന്‍പീസ്,കാരറ്റ്, ഉരുളക്കിഴങ്ങ് കറികളിള് ഉണങ്ങിയ മേത്തിയില്ലെങ്കില് സ്വാദ് അപൂര്‍ണ്ണം.ചിക്കന്കറികളിലും ഒഴിവാക്കാനാവാത്ത ചേരുവയാണിത്.
കുറഞ്ഞ അളവില്‍ വാങ്ങി സൂക്ഷിക്കുന്നതാണ് അഭികാമ്യം. ഏറെനാള്‍ സൂക്ഷിച്ചാല്‍ അരോമ ( സുഗന്ധം) നഷ്ടപ്പെടും.കസൂരിമേത്തി ഒരല്പമെടുത്ത് ഇളം ചൂടില്‍ കൈയിലെടുത്തു തിരുമ്മി കറികളില്‍ ചേര്‍ക്കുക.കറികളിലെ മറ്റെല്ലാ പോരായ്മയും അതോടെ തീരും.
ഔഷധ മൂല്യത്തിലും രണ്ടാമതല്ല മേത്തി.രക്തത്തില്‍ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും ക്രമീകരിക്കാന്‍ ഏറെ ഗുണകരമാണിത്്. അയേണ്‍ സമ്പുഷ്ടമായ മേത്തി തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ വിളര്ച്ചയകറ്റാം.
തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളെയും പ്രതിരോധിക്കും മേത്തി.വിശപ്പില്ലായ്മയ്ക്കും പ്രതിവിധിയാണിത്. അറേബ്യയില്‍ യുദ്ധത്തില്‍ മുറിവേല്‍ക്കുന്നവര്‍ക്ക് മേത്തിയില ഈന്തപ്പഴം ചേര്‍ത്ത് തിളപ്പിച്ചു നല്കുന്ന പതിവുണ്ടായിരുന്നു. ഈന്തപ്പഴത്തിനു പകരം അത്തിപ്പഴവും ഉപയോഗിച്ചിരുന്നു.ധാന്യപ്പുരകളില്‍ പ്രാണികളെ അകറ്റാനും കസൂരിമേത്തി മതി.
വീട്ടില്‍ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ കസൂരിമേത്തി. ഉലുവയില വൃത്തിയായി കഴുകി ഒരാഴ്ചയെങ്കിലും വെയിലില്‍ ഉണക്കിയെടുത്താല്‍ മതി.വായു കടക്കാത്ത ജാറുകളില്‍ സൂക്ഷിക്കണം.
പൊട്ടറ്റോ
കസൂരിമേത്തി
ചേരുവകള്‍
പുഴുങ്ങിയ ഉരുളക്കിഴങ്ങ് 3
കസൂരിമേത്തി അരക്കപ്പ്
സവാള 2
തക്കാളി2
പച്ചമുളക്1
മഞ്ഞള്‍പ്പൊടി കാല് ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍സ്പൂണ്‍
ജീരകം അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം: കസൂരിമേത്തി അഞ്ചുമിനുട്ട് കുതിര്‍ത്തു വെയ്ക്കുക.അതിനു ശേഷം വെള്ളം കളഞ്ഞ് മാറ്റിവെയ്ക്കുക.സവാള, തക്കാളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പൊടിക്കുക. എണ്ണ ചൂടാക്കി ജീരകം പൊട്ടിച്ച ശേഷം സവാളയും പച്ചമുളകും വഴറ്റുക.
സവാള വഴന്നു വരുമ്പോള്‍ തക്കാളിയും കസൂരിമേത്തിയും ചേര്‍ത്ത് ഇളക്കുക. രണ്ടു മൂന്നു മിനുട്ട് വഴറ്റിയ ശേഷം അരക്കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക. അതിലേക്ക് പൊടിച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് വഴറ്റുക. പൊട്ടറ്റോ കസൂരിമേത്തി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: