പത്തനാപുരം: കുന്നിക്കോട്-പത്തനാപുരം ശബരിമല ബൈപ്പാസ് റോഡില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു. പാതയില്‍ വിവിധ സ്ഥലങ്ങളില്‍ അഗാധമായ കുഴികള്‍ രൂപപ്പെട്ടതിനെതുടര്‍ന്നാണ് നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചത്. പച്ചിലവളവ്, കുന്നിക്കോട്, ആവണീശ്വരം, നെടുവന്നൂര്‍ എഫ്‌സിഐ ജംഗ്ഷന്‍, കുരിശുംമൂട്, പനംപറ്റ, പിടവൂര്‍, മഞ്ചള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആഴത്തിലുള്ള കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
രാത്രികാലങ്ങളില്‍ നിരവധി വാഹനയാത്രികരാണ് അപകടത്തില്‍പെടുന്നത്. മഴ കൂടിയായതോടെ അപകടങ്ങളും പതിവായി. ഇതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. കഴിഞ്ഞ ദിവസം വീട്ടമ്മയും രണ്ട് ബൈക്ക് യാത്രികരും ഈ ഭാഗത്ത് അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റിരുന്നു. ശബരിമല ബൈപ്പാസ് രണ്ട് ഘട്ടമായാണ് പൂര്‍ത്തിയാക്കിയത്. കുന്നിക്കോട് മുതല്‍ പത്തനാപുരം വരെ ഒന്നാം ഘട്ടത്തിലും കുന്നിക്കോട് മുതല്‍ വാളകം വരെ രണ്ടിലും പൂര്‍ത്തിയാക്കി. ഇതില്‍ ഒന്നാം ഘട്ടത്തിലെ പണിയില്‍ ക്രമക്കേടുള്ളതായി ആദ്യമെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പണി പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മടങ്ങി. ടാറിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിയുന്നതിന് മുമ്പ് ദേശീയനിലവാരത്തില്‍ ചെയ്ത റോഡാണ് തകര്‍ന്ന് കിടക്കുന്നത്.
















