പെരിന്തല്‍മണ്ണ:. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചിന് ഫലം കണ്ടുതുടങ്ങി. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാതിരുന്ന ശിശുസംരക്ഷണ കേന്ദ്രം ഉടന്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുവമോര്‍ച്ചയുടെ സമരത്തെ തുടര്‍ന്ന് അധികൃതര്‍ അടിയന്തരമായി യോഗം ചേരാന്‍ തീരുമാനിച്ചു. 22ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിലാണ് യോഗം. ഇതോടെ യുവമോര്‍ച്ച ഉന്നയിച്ച ജനകീയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പായി. കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തെങ്കിലും നാളിതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഓപ്പറേഷന് തീയറ്ററുകളുടെ സജ്ജീകരണവും വയറിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസമാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടികാട്ടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കായകല്പ് അവാര്‍ഡ് നേടിയ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും നിരവധി ആളുകളാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: