അങ്ങാടിപ്പുറം: എല്‍ഡിഎഫ് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അങ്ങാടിപ്പുറത്ത് ഒന്നും ശരിയാകുന്ന ലക്ഷണമില്ല. ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനായി പടുത്തുയര്‍ത്തിയ മേല്‍പ്പാലത്തില്‍ തന്നെ വാഹനങ്ങള്‍ കുടുങ്ങുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഡ്രൈവര്‍മാരും യാത്രക്കാരും.
ശക്തമായ കുരുക്ക് തന്നെയാണ് അങ്ങാടിപ്പുറത്ത് നിലനില്‍ക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ആയിരുന്നു കുരുക്കെങ്കില്‍ ഞായറാഴ്ച 12 മണി മുതലായെന്ന വ്യത്യാസം മാത്രം. കുരുക്കിന് അല്പമെങ്കിലും ശമനം ലഭിച്ചത് ഉച്ചക്ക് രണ്ടുമണിയോടെയാണ്.
പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷന് മുതല്‍ അങ്ങാടിപ്പുറം ടൗണ്‍ വരെ വാഹനങ്ങളുടെ നിര നീണ്ടു. ഇന്നലെ വൈകിട്ട് 3.30ന് അങ്ങാടിപ്പുറം ഭാഗത്തു നിന്നും വന്ന ഗുഡ്സ് ഓട്ടോ പാലത്തില്‍ കുടുങ്ങിയതിനാല്‍ വീണ്ടും പാലത്തിലും, ടൗണിലും ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു.
ഞായറാഴ്ച അവധി ദിവസമായതിനാല്‍ നല്ല തിരക്കായിരുന്നു റോഡില്‍. അങ്ങാടിപ്പുറം-കോട്ടക്കല്‍ റോഡിലും ഇപ്പോള്‍ ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്. കുരുക്കില്‍പ്പെട്ട് സമയം വൈകിയെത്തുന്ന പല ബസുകളും അങ്ങാടിപ്പുറം തളി ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കി വിടുകയാണ്. ആശുപത്രി നഗരിയായ പെരിന്തല്‍മണ്ണയിലേക്ക് നിരവധി ആംബുലന്‍സുകളാണ് ഈ കുരുക്കും താണ്ടി കടന്നു പോകുന്നത്. പലപ്പോഴും ട്രാഫിക് പോലീസിന്റെ സേവനവും ലഭിക്കാറില്ല. ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുക മാത്രമാണ് ടൗണിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: