കല്‍പ്പറ്റ : വയറിളക്കരോഗം നിമിത്തം കുട്ടികളില്‍ ഉണ്ടാകുന്ന മരണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 11 മുതല്‍ 23 വരെ ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം തുടങ്ങി. വയറിളക്കം മൂലം സംജാതമാകുന്ന നിര്‍ജ്ജലീകരണം തടയുന്നതിനും ചികിത്സിക്കുന്നതിനും ഒ.ആര്.എസ്. (ഓറല്‍ റിഹൈഡ്രേഷന്‍ സാള്‍ട്ട്) മിശ്രിതവും, സിങ്ക് ഗുളികകളും ഉപയോഗിക്കുന്നതോടൊപ്പം പോഷകാഹാരവും കഴിപ്പിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഒ.ആര്.എസ്. പാക്കറ്റുകളും സിങ്ക് ഗുളികകളും ലഭ്യമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി അറിയിച്ചു. പക്ഷാചരണ വേളയില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തും. ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡിസ്ട്രിക്ട് സര്‍വൈലന്‍സ് ഓഫീസര്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍, ആര്.സി.എച്ച്. ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ജില്ലാ കമ്മിറ്റി ഇതിനായി രൂപവത്കരിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരും ആശാ പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ച് ഒ.ആര്.എസ്. ലായനി തയ്യാറാക്കുന്ന വിധവും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തും. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായി കൈകഴുകുന്നതിന്റെ രീതികളും അതുമൂലമുണ്ടാകുന്ന ഗുണങ്ങളും ബോധ്യപ്പെടുത്തും.അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും കോളനികളിലും മൊബൈല്‍ ടീം സന്ദര്‍ശനം നടത്തും. ജില്ലാതല ബോധവല്‍ക്കരണം ജൂലൈ 22ന് മുട്ടില്‍ സാസ്കാരിക നിലയത്തില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: