കല്‍പ്പറ്റ : ജില്ലയില്‍ കൊതുകുജന്യരോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി അറിയിച്ചു. ഡെങ്കുപനി ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ജനവരി മുതല്‍ ജൂലൈ 15 വരെ 104 ഡെങ്കുകേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ ഉണ്ടായിട്ടുളളത് പേരിയ (17), പനമരം (13), മുളളന്‍കൊല്ലി (10), പൂതാടി (10) പഞ്ചായത്തുകളില്‍ നിന്നാണ്. മുള്ളന്‍കൊല്ലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 7 എണ്ണം ജൂലൈ മാസത്തിലാണ്. മുളളന്‍കൊല്ലിയിലെ കുടിവെളള ദൗര്ലബ്യമുളള പ്രദേശങ്ങളിലെ വീടുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ ലഭിച്ചിരുന്ന പൈപ്പ് വെളളം തുറസ്സായ പാത്രങ്ങളില്‍ ശേഖരിച്ചുവച്ചിരുന്നതാണ് കൊതുകു പെരുകാന്‍ കാരണമായത്. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ കൊതുക് സാന്ദ്രതാ പഠനത്തിലാണ് ഇക്കാര്യം ബോധ്യമായത്. ആഴ്ചയില്‍ 3 ദിവസം കുടിക്കാനുളള വെളളം ഭദ്രമായി അടച്ചു സൂക്ഷിക്കുകയും മഴവെളളം കെട്ടികിടക്കുന്നത് അലംഭാവം കൂടാതെ ഒഴിക്കികളയുകയും കൊതുകുകടിയേക്കാതിരിക്കയുമാണ് പോംവഴി. കറുപ്പില്‍ വെളള പുളളികളുളള ഈഡിസ് കൊതുകുകളാണ് ഡെംഗുപനി പരത്തുന്നത്. ഇവ പകല്‍ സമയത്താണ് കടിക്കുന്നത്. ശക്തമായ പനി, തലവേദന, പേശി വേദന, പുറംവേദന, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍, കണ്ണിനു പുറകിലുണ്ടാകുന്ന വേദന ഛര്‍ദി ഓക്കാനം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. തീവ്രഘട്ടത്തില്‍ രക്തസ്രാവവും ഷോക്കും ഉണ്ടാകുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. രാത്രിയിലും പകലും കിടന്നുറങ്ങുമ്പോള്‍ കൊതുവല ഉപയോഗിക്കണം.സംസ്ഥാനമൊട്ടാകെ ജൂലൈ മാസം ഡെങ്കു പ്രതിരോധമാസമായി ആചരിക്കുകയാണ്. വ്യാപകമായ ബോധവല്‍ക്കരണവും കൊതുകു സാന്ദ്രത കണ്ടെത്തുന്ന സര്‍വേയും കൊതുകു നശീകരണപ്രവര്ത്തനങ്ങളായ ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവ നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: