പനമരം : കേരളത്തില്‍ സിപിഎം അനുവര്‍ത്തിച്ചുവരുന്ന കൊലപാതകരാഷ്ട്രീയത്തെ മുഖ്യമന്ത്രി പിണറായി വിജയന് പ്രോത്സാഹിപ്പിക്കുകയാണെന്ന് ഓട്ടോറിക്ഷ മസ്ദൂര്‍സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് ജി നായര്‍ ആരോപിച്ചു. ഓട്ടോറിക്ഷാ മസ്ദൂര്‍സംഘ് പനമരം യൂണിറ്റ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു പെറ്റിക്കേസില്‍പോലും ഉള്‍പ്പെടാത്ത പയ്യന്നൂരിലെ ബിഎംഎസ് പ്രവര്ത്തകന് രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സിപിഎമ്മിന്റെ കിരാതനടപടിയെ നിസാരവല്‍കരിക്കുക വഴി തന്റെ പാര്‍ട്ടിക്കാര്‍ക്ക് അക്രമം തുടരാനുള്ള മൗനാനുവാദം നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്റെ സ്വന്തം ജില്ലയില്‍ മറ്റ് പ്രസ്ഥാനങ്ങളെ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്.ഇത് ജില്ലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കാനെ ഉപകരിക്കുകയുളളുവെന്നും അതിന്റെ മുഴുവന്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുബത്തെ സഹായിക്കുന്നതിന് ബിഎംഎസ് സ്ഥാപനദിനമായ ജൂലായ് ഇരുപത്തിമൂന്നിന് സമര്‍പ്പണനിധി സ്വരൂപിക്കാനും പനമരം സ്കൂള്‍,ആശുപത്രി എന്നിവ ശുചീകരിക്കാനും കണ്വെന്ഷന് തീരുമാനിച്ചു.നിഥുന്രവീന്ദ്രന് അധ്യക്ഷത വഹിച്ചു.ഇ.എസ്.അജില്‍കുമാര്‍,പി.വി. സജേഷ്, ഇ.എസ്.സനില്‍കുമാര്‍, സുബ്രമണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: