തിരുനെല്ലി : ഗോത്രവര്‍ഗ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനുമായി ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റി(നല്‍സ)യുടെ രണ്ട് പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുനെല്ലി ഡി.ടി.പി.സി ഹാളില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് നിര്‍വഹിച്ചു. കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ ഇടയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പിലാക്കുന്നതാണ് ഈ പദ്ധതികളെന്ന് ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും വിവിധ പദ്ധതികള്‍ കാര്യക്ഷമമായി പെട്ടന്ന് നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥരുമായ ഇടപെടുകയും അവര്‍ അതിന് തയാറാകുന്നില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനം വരുമാനത്തിന്റെ മാത്രം കാര്യമല്ല. ആരോഗ്യം, വീട്, പോഷകാഹാരം, തൊഴിലില്ലായ്മ, കുടിവെള്ളം എന്നിവയുടെ കാര്യത്തിലെല്ലാം ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ഉണ്ടാവേണ്ടത്. അവസരത്തിലും അന്തസ്സിലും ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും ഒരേ നിലവാരം ലഭിക്കണം. ഈ സമൂഹം ഇല്ലാതിരുന്നുവെങ്കില്‍ നാം ഊറ്റം കൊള്ളുന്ന ഒന്നും ഉണ്ടാകില്ലായിരുന്നു. അതിനാല്‍ നമുക്ക് ഈ സമൂഹത്തോട് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. ആദിവാസി ഭവന നിര്‍മാണത്തില്‍ വന്‍ ചൂഷണം നടക്കുന്നതായി നിലമ്പൂര്‍ കരുളായിയിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചതിന്റെ അനുഭവം വിവരിച്ച് അദ്ദേഹം പറഞ്ഞു. അമ്പതിലേറെ വീടുകളുള്ള കോളനിയില്‍ നാല്‍പഞ്ചോളം വീടുകള്‍ തകര്‍ന്നുകിടക്കുകയായിരുന്നു. കുറേ വീടുകള്‍ ആന തകര്‍ത്തതായിരുന്നു. ബാക്കി വീടുകള്‍ ആവശ്യത്തിന് നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കാത്തതിനാലും തകര്‍ന്നു. ആദിവാസികള്‍ക്ക് വീട് നിര്‍മിക്കാനായി നല്കിയ പണം ആര് കൊണ്ടുപോയി? നമ്മുടെ ഇടയിലുള്ള കരാറുകാര്‍ നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് ഉണ്ടാക്കിയ ഭവനങ്ങളാണ് തകര്‍ന്നുകിടക്കുന്നത്. നിര്‍മാണ മികവില്ലാത്തതുകൊണ്ടല്ല. നിര്‍മിക്കാനാവശ്യമായ ചേരുവകള്‍ വേണ്ടുംവിധം ചേര്‍ക്കാന്‍ പണം നല്ല പോലെ ചെലവഴിക്കേണ്ടി വരും. ലാഭം കൊയ്യാന്‍ വേണ്ടി ആദിവാസികളെ ചൂഷണം ചെയ്ത് അവര്‍ക്ക് അര്‍ഹതയുള്ള ഭവനങ്ങള്‍ പോലും ഉണ്ടാക്കിക്കൊടുക്കാതിരിക്കുകയാണ്. ഗോത്രവര്‍ഗവിഭാഗത്തില്‍പ്പെട്ട മനുഷ്യരും നമ്മുടെ സഹോദരങ്ങളാണെന്നും അവരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ജസ്റ്റിസ് പറഞ്ഞു.
വയനാട് ജില്ലാ സെഷന്‍സ് ജഡ്ജി ഡോ.വി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി കെ.സത്യന് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍, വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ജില്ലാ സബ് ജഡ്ജി എ.ജി സതീഷ്കുമാര്‍, മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര് പ്രവീജ്, സബ് കളക്ടര്‍ ശീറാം സാംബശിവറാവു, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്.എല്‍. ബൈജു, തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുജീബ് റഹ്മാന്, കല്‍പ്പറ്റ ബാര്‍ അസോസിയേഷന് പ്രസിഡണ്ട് എന്‍.ജെ ഹനസ്, ബത്തേരി ബാര്‍ അസോസിയേഷന് പ്രസിഡണ്ട് പി.ഡി സജി, മാനന്തവാടി ബാര്‍ അസോസിയേഷന് പ്രസിഡണ്ട് ഷാജു കെ. ജോസഫ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ പി. വാണിദാസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.ജി വിജയകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പാരാലീഗല്‍ വളണ്ടിയര്‍മാര്‍, ട്രൈബല്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: