കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ കോണുകളില്‍ നിന്നും ആവശ്യങ്ങളുയര്‍ന്നിട്ടും ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അഖില്‍ പ്രേം. സി. ഓരോ ദിവസവും അധിക്യതരുടെ അനാസ്ഥമൂലവും ചികിത്സ ലഭിക്കാതെയും നിരവധി ആദിവാസി സ്ത്രീകളാണ് മരണപ്പെടുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട കാവേരി എന്ന ആദിവാസി യുവതി. അധികാരത്തിലെത്തിയാല്‍ പതിനഞ്ച് ദിവസംകൊണ്ട് വയനാടിന്റെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ ഇടതു എം.എല്‍.എ മാര്‍ ഈ വിഷയത്തില്‍ മൗനം വെടിയണം. ഈ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 18 ന് കലക്ട്രേറ്റ് മാര്‍ച്ച് നടത്താനും ജില്ലയില്‍ നിന്നും 1000 പോസ്റ്റല്‍ കാര്‍ഡുകള്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അയച്ചുകൊടുക്കാനും,ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഒപ്പു ശേഖരണം നടത്താനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ജൂലൈ 27 ന് വയനാട് മെഡിക്കല്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: