തൃശൂര്‍: കര്‍ക്കിടകപുലരിയില്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ശേഷം നടന്ന ആനയൂട്ട് ദര്‍ശിക്കാന്‍ ആയിരങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നത്. പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. 34-ാമത് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടുമാണ് ഇത്തവണ നടന്നത്.
അമ്പതിലധികം ആനകളാണ് ആനയൂട്ടിനെത്തിയത്. കൂട്ടത്തിലെ കുട്ടിക്കൊമ്പനായ വാരിയത്ത് ജയരാജന് ആദ്യ ഉരുള നല്കി ക്ഷേത്രം മേല്‍ശാന്തി ചെറുമുക്ക് മന ശ്രീരാജ് നാരായണന് ആനയൂട്ടിന് തുടക്കം കുറിച്ചു. രാവിലെ ഒമ്പതരയോടെ തന്നെ എല്ലാ ആനകളും വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ തെക്കേഗോപുരനടയ്ക്ക് സമീപത്തായി ആനച്ചമയങ്ങളും കെട്ടുകാഴ്ചകളുമില്ലാതെ അണിനിരന്നു. ആനയൂട്ടു കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ എത്തിയിരുന്നു. മഴയൊഴിഞ്ഞുനിന്നതോടെ ആനയൂട്ടിന് വന്‍ തിരക്കനുഭവപ്പെട്ടു. വടക്കുന്നാഥ ക്ഷേത്രഗോപുരങ്ങള്‍ക്ക് പുറത്ത് ആനയൂട്ട് കാണാനെത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷമാണ് ആനകളെ ഊട്ടിനായി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. അകത്തേക്ക് വന്ന ആനകളെ പ്രത്യേകം ബാരിക്കേഡ് കെട്ടി തിരിച്ച് സുരക്ഷിതമായി നിര്‍ത്തി. കരിമ്പ്, തണ്ണിമത്തന്, ഉണ്ടശര്‍ക്കര, ചോറുരുള, മഹാഗണപതിഹോമപ്രസാദം, വെള്ളരിക്ക തുടങ്ങി വിഭവസമൃദ്ധമായ ഊട്ടാണ് ആനകള്‍ക്കായി ഒരുക്കിയിരുന്നത്. പാപ്പാന്മാരുടെ നിര്‍ദ്ദേശാനുസരണമാണ് ആനപ്രേമികളും ഭക്തരും ആനകളെ ഊട്ടിയത്. കുട്ടിക്കൊമ്പന്മാരെ ഊട്ടാനായിരുന്നു കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെയിഷ്ടം.
വനംവകുപ്പ് ഉദ്യോഗസ്ഥരും ആനകള്‍ എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി പോലീസും മയക്കുവെടി വിദഗ്ധരുമടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. 10,008 നാളികേരം 3500 കിലോ ശര്‍ക്കര, 1500 കിലോ അവില്, 250 കിലോ മലര്, എള്ള്, 500 കിലോ നെയ്യ്, ഗണപതി നാരങ്ങ, കരിമ്പ് എന്നീ ദ്രവ്യങ്ങളാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ഉപയോഗിച്ചത്. പ്രവാസി വ്യവസായികളായ ഡോ.ടി.എ.സുന്ദര്മേനോന്, സി.കെ.മേനോന്, കൗണ്‍സിലര്‍മാരായ എം.എസ്.സമ്പൂര്‍ണ, രാവുണ്ണി, മഹേഷ്, കോ-ഓര്‍ഡിനേറ്റര്‍ പ്രഫ.എം.മാധവന്‍കുട്ടി, ക്ഷേത്രക്ഷേമസമിതി സെക്രട്ടറി സി.വിജയന്, വടക്കുന്നാഥ ക്ഷേത്രം മാനേജര്‍ എം.ജി.ജഗദീഷ്, കണ്‍വീനര്‍ എം.ജി.രഘുനാഥ്, ജോയിന്റ് കണ്‍വീനര്‍മാരായ അരുണ്കോട്ടപ്പുറം, പി.ജി.ജയദേവ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: