മുളങ്കുന്നത്തുകാവ്: ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മാതാവിനെ ആശുപത്രി ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 34 കാരിയായ യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകളെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടു. പിന്നീട് രോഗിയുടെ ബന്ധുക്കളും പോലീസും ചേര്‍ന്ന് പിടികൂടി. ഇന്നലെ പുലര്‍ച്ചെ നാലരയ്ക്കാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശിയായ ലാബ് ജീവനക്കാരന് ഡ്യൂട്ടി ഉണ്ടായിരുന്നില്ലെങ്കിലും ഇയാള്‍ ആശുപത്രി യൂണിഫോമിലെത്തിയാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
യുവതിയുടെ രണ്ടു വയസുള്ള മകന് മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മദ്യപിച്ചെത്തിയ ജീവനക്കാരന് ഐസിയുവിനു മുന്നില്‍ വിഷമിച്ചിരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ബന്ധുക്കളും മറ്റും ഓടിയെത്തിയപ്പോള്‍ ഇയാള്‍ ഓടി മറ്റൊരു വാര്‍ഡിലെത്തി യൂണിഫോം മാറ്റി സാധാരണ വസ്ത്രം ധരിച്ചു. വേഷം മാറി ഒന്നുമറിയാത്തതു പോലെ നടന്നുവരുമ്പോള്‍ ഐസിയുവിന് മുന്നില്‍ നിന്നിരുന്ന സ്ത്രീകള്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു. ഇവര്‍ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിയുടെ ഭാര്യയടക്കമുള്ളവര്‍ പോലീസ് സ്റ്റേഷനിലെത്തി യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഒത്തുതീര്‍പ്പാക്കാന്‍ സര്‍വീസ് സംഘടന നേതാക്കളും ഇടപെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: