ഒരു ശലഭമുണ്ടാവതെപ്പോളുമൊരു ചെറു-
പുഴുവിന്റെയുള്ളിൽ നിന്നായിരിക്കും!
അതു മെല്ലെയൊരുനാളങ്ങുരുവായി വന്നീടു-
മൊരു വർണ്ണവിസ്മയ രൂപമായി!
ഒരുനാളും കരുതേണ്ടൊരു മുട്ട കാണുകി-
ലതിനു ചലന’മസാധ്യ’ മെന്ന്;
ഒരുവേളയതുവിരിഞ്ഞൊരു കുഞ്ഞുപക്ഷിയായ്;
വിരിവാന നിറവിലൂടൊഴുകി നീങ്ങും!
ഒരു ‘മൗനം’ കണ്ടുകരുതല്ലേ, ‘നിശബ്ദ’ മെ-
ന്നൊരു ‘ഗർജ്ജന’ മതിന്നുള്ളിലുണ്ടാം!
ഒരു ‘തേങ്ങലി’ന്നോരവസാനമായ് വരാ-
മൊരു ‘മന്ദസ്‌മേര’ മധുരമത്രെ!
ഒരു ‘മുളന്തണ്ടി’നെത്തള്ളേണ്ട തെല്ലുമേ;
അതു നാളെ’യോടക്കുഴലായ്’ മാറാം!
‘പാഴ്മരക്കമ്പി’നെ പുച്ഛിച്ചു തള്ളേണ്ട-
തൊരുനാള’ങ്ങൂന്നുവടി’യായേക്കാം!
ഒരു ‘വാഴക്കൂമ്പി’ലൊളിച്ചിരിക്കുന്നുണ്ടാ-
മൊരു ‘രസകദളി’ തൻ തിരുമധുരം!
ഒരു ‘കുഞ്ഞുവിത്തു’ മുളച്ചു പിന്നീ-
ടതൊരു ‘വൻമര’മായി മാറുകില്ലേ?
ഒരു ‘വൈരൂപ്യ’ത്തിന്നടിത്തട്ടിലുണ്ടാകാ-
മൊരു തുയ്യ*, ‘തേജോമനോജ്ഞ’ രൂപം!
വിധിയോടു പരിഭവം പറയേ’ണ്ടമാവാസി’
ഒരുനാൾ; ‘പൊൻപൗർണ്ണമി’യായി മാറും!
ഒരു ‘രാവു’ മാഞ്ഞാലൊരു ‘പകലെ’ന്നതു;
നിയതിതൻ നിശ്ചയമായിരിക്കാം!
*തുയ്യം= ശ്രേഷ്ഠം
പ്രതികരിക്കാൻ ഇവിടെ എഴുതുക: