കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും അടുപ്പമുള്ള ചിലരുടെ ചരമവാര്‍ത്ത അറിയാനിടയായി. ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ അമ്മ ശ്രീമതി തങ്കമ്മ, കോഴിക്കോട് മുന്‍ കേസരി പത്രാധിപര്‍ പി.കെ.സുകുമാരന്റെ ധര്മപത്നി ശ്രീമതി സൈരന്ധ്രി, ഹിന്ദുഐക്യവേദിയിലും ജന്മഭൂമിയിലും മറ്റും പ്രവര്‍ത്തിച്ചിരുന്ന സഹദേവന് എന്നിവര്‍ അവരില്പ്പെടുന്നു. അവരില്‍ രാധാകൃഷ്ണന്റെ അമ്മയുമായി എനിക്ക് അരനൂറ്റാണ്ടിലേറെക്കാലത്തെ അടുപ്പമുണ്ടായിരുന്നു. ഞാന്‍ 1964-67 കാലത്ത് കോട്ടയം ജില്ലാ പ്രചാരകനായിരുന്നപ്പോഴാണ് ഏറ്റുമാനൂര്‍ പോയതും അവിടത്തെ കോളേജ് വിദ്യാര്‍ത്ഥികളായ സ്വയംസേവകരെ പരിചയപ്പെട്ടതും. കോട്ടയത്തു പ്രചാരകനായിരുന്ന മാധവന് ഉണ്ണി ധാരാളം കോളേജു വിദ്യാര്‍ത്ഥികളെ സുഹൃത്തുക്കളും സ്വയംസേവകരുമാക്കിയിരുന്നു. അവരില്‍ പലരും പിന്നീട് വളരെക്കാലം സംഘത്തിലും ജനസംഘത്തിലും ബിജെപിയിലും സമുന്നത സ്ഥാനങ്ങള്‍ വഹിച്ചുവന്നു.
കോളേജു വിദ്യാര്‍ത്ഥികളുടെ ബൈഠക്കുകളില്‍ വന്നുകൊണ്ടിരുന്നവരില്‍ പ്രമുഖന് രാധാകൃഷ്ണനും പനയക്കഴപ്പ് രാമചന്ദ്രനും, കെ.എന്‍.മേനോനും, ശബരീനാഥും കനകരാജനും ഗുരുവായൂരപ്പന് എന്ന ഗുരുവും മുരളിയും മറ്റും ഓര്‍മയില്‍ വരുന്നു. അവരില്‍ ഏറ്റുമാനൂരില്‍ നിന്നുള്ളവരുമായി പരിചയപ്പെടാന്‍ ഒരിക്കല്‍ മാധവനുണ്ണിയോടൊപ്പം പോയി. രാധാകൃഷ്ണന്റെ വാലയില്‍ വീടാണ് സംഗമസ്ഥാനമായത്. ആറേഴുപേര്‍ ഉണ്ടായിരുന്നു. സംഭാഷണത്തില്‍ രാധാകൃഷ്ണന്റെ അച്ഛനും അമ്മയും പങ്കുചേര്‍ന്നു.
മികച്ച പ്രവര്‍ത്തകരെ തരുന്നതിന്റെ ശ്രേയസ്സ് എപ്പോഴും അമ്മമാര്‍ക്കാണ്. അതുതന്നെ രാധാകൃഷ്ണന്റെ കാര്യത്തിലും ശരിയാണ്. കോളേജുകാലത്തിനുശേഷം രാധാകൃഷ്ണന് കുറച്ചുകാലം വിസ്താരകനായി ഹൈറേഞ്ചില്‍ പോയിരുന്നു. അതിന്റെ പശ്ചാത്തലവും രസകരമാണ്. പൂജനീയ ഗുരുജിയുടെ സന്ദര്‍ശനത്തിനിടെ പ്രാന്തസംഘചാലക് മാ:ഗോവിന്ദമേനോന് സാറിന്റെ വസതിയില്‍ നടന്ന കാര്യങ്ങള്‍ കാര്യകര്‍തൃ ബൈഠക്കിനിടെ കോട്ടയം ജില്ലയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം ആരാഞ്ഞു. ശാഖകളില്ലാത്ത പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകള്‍ ഹൈറേഞ്ചില്‍ പെടുന്നവയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘ആര് ദേ സോ ഹൈ, ദാറ്റ് യു ക്യനോട്ട് ഗോ ദേര്‍ എന്നദ്ദേഹം അന്വേഷിച്ചു. അതിന്റെ സന്ദേശം ഉള്‍ക്കൊണ്ട് അവിടെ ശാഖ ആരംഭിക്കാന്‍ ശ്രമിക്കണമെന്ന് പ്രാന്തപ്രചാരകന് ഭാസ്കര്‍ റാവുജി തീരുമാനിച്ചു. അങ്ങനെ അടുത്ത അവസരത്തില്‍ (അന്നേയ്ക്ക് ഞാന്‍ ജനസംഘത്തിനു നിയോഗിക്കപ്പെടുകയും മാധവനുണ്ണി ജില്ലാ ചുമതലയേല്‍ക്കുകയും ചെയ്തു) ഹൈറേഞ്ചില്‍ വിസ്താരകനായി രാധാകൃഷ്ണന് അയയ്ക്കപ്പെട്ടു. ഇന്നത്തെ ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് ഭാഗത്ത് സംഘത്തിന്റെ പ്രവേശം അങ്ങനെയായിരുന്നുവെന്നാണ് ഓര്‍മ്മ.
ഏറ്റുമാനൂര്‍ പോകുമ്പോഴൊക്കെ രാധാകൃഷ്ണന്റെ വീട്ടിലെത്തി അച്ഛനും അമ്മയും സഹോദരങ്ങളുമൊരുമിച്ച് സമയം ചെലവിടുന്ന പതിവു തുടങ്ങി. അച്ഛന് നാരായണന് നായര്‍ നാവികസേനയില്‍ ജോലിക്കാരനായിരുന്നു. 1946 ല്‍ മുംബൈയിലെ നാവിക കലാപത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്നു. പക്ഷേ ദൈവഗത്യാ കോര്‍ട്ട് മാര്‍ഷലില്‍ പെടാതെ കഴിഞ്ഞു. അക്കാലത്തെ അനുഭവങ്ങള്‍ അദ്ദേഹം പറയുമായിരുന്നു. പിന്നീട് സെന്‍ട്രല്‍ എക്സൈസ് വകുപ്പില്‍ ചേര്‍ന്നു. കാസരോഗത്തിന്റെ ശല്യം അദ്ദേഹത്തെ ഏറെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. അതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നത് സ്വാഭാവികമായും അമ്മയായിരുന്നു.
അതിനിടെ 1970 ല്‍ ജനസംഘത്തിന്റെ സംസ്ഥാന കാര്യാലയം എറണാകുളത്തേക്ക് മാറ്റി. കാര്യാലയത്തിന്റെ ചുമതല വഹിക്കാന്‍ ആളെ തേടവെ ഹൈറേഞ്ചില്‍ നിന്നു മടങ്ങിയെത്തിയ രാധാകൃഷ്ണനെ ഓര്‍മവരികയും പരമേശ്വര്‍ജിയുടെ അഭിപ്രായം കൂടി അറിഞ്ഞു ഏറ്റുമാനൂരില്‍ പോയി അദ്ദേഹത്തെ കണ്ടുവിവരം പറയുകയും ചെയ്തു. അമ്മയോടും അച്ഛനോടും കാര്യം മറച്ചുവെച്ചില്ല.അങ്ങനെ എറണാകുളത്തെത്തി ചുമതലയേറ്റു. അന്നുമുതല്‍ ഇപ്പോള്‍വരെ തുടര്‍ച്ചയായി രാഷ്ട്രീയരംഗത്ത് സജീവമായി നില്‍ക്കുകയാണ് രാധാകൃഷ്ണന്. അച്ഛന് അസുഖം അധികമായപ്പോള്‍ ജോലിയില്‍നിന്നു വിരമിക്കേണ്ടി വന്നു. ആശ്രിതനെന്ന നിലയ്ക്ക് ആ സ്ഥാനം കിട്ടുമായിരുന്ന രാധാകൃഷ്ണന് അത് സഹോദരി വിജയലക്ഷ്മിക്കു നല്കി. സര്‍വീസില്‍നിന്നു വിരമിച്ചു കുടുംബിനിയും അമ്മൂമ്മയുമായി കഴിയുന്ന അവരും ഭര്‍ത്താവും ഞങ്ങള്‍ വീടു സന്ദര്‍ശിക്കുമ്പോള്‍ ഉണ്ടായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് മിസാ വാറണ്ടിലായിരുന്ന കാലത്ത് അനുഭവിച്ച വിഷമങ്ങള്‍ ഏറെയായിരുന്നു. വീട്ടില്‍ തല്‍സംബന്ധമായ നോട്ടീസ് പതിച്ചു പോലീസ് പാറാവേര്പ്പെടുത്തി. അച്ഛന് അന്തരിച്ചപ്പോള്‍ എത്തുമെന്ന് പോലീസ് പ്രതീക്ഷിച്ചു. മൂത്തമകനെന്ന നിലയ്ക്ക് മരണാനന്തര കര്‍മ്മങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കേണ്ടയാളെ പോലീസിലേല്പ്പിക്കേണ്ട എന്നുതന്നെ തീരുമാനമെടുക്കേണ്ടിവന്നു. രാധാകൃഷ്ണന് ആലുവയില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്ത വിവരം അമ്മയെ അറിയിച്ചു. അടിയന്തരാവസ്ഥ കഴിയുന്നതുവരെ അവരുടെ മാനസിക നില അത്യന്തം ഉല്കണ്ഠാഭരിതമായിരുന്നു.
അടിയന്തരാവസ്ഥയ്ക്കുശേഷം സ്ഥിതിഗതിയില്‍ വന്ന ശുഭകരമായ മാറ്റത്തില്‍ രാധാകൃഷ്ണന് ആദ്യം യുവജനതയുടെയും പിന്നീട് യുവമോര്‍ച്ചയുടെയും സംസ്ഥാന നേതൃത്വത്തില്‍ വന്നപ്പോള്‍ അമ്മയുടെ സ്ഥിതിയിലും മാറ്റമുണ്ടായി. പിന്നീട് അവരെ കണ്ടപ്പോഴൊക്കെ അവര്‍ സന്തോഷവതിയായിരുന്നു. എന്റെ വിവാഹശേഷം ഞങ്ങള്‍ ഇരുവരും രാധാകൃഷ്ണന്റെ അനുജന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഏറ്റുമാനൂര്‍ പോയി. അവര്‍ക്ക് സന്തോഷമായി. പിന്നീട് രാധാകൃഷ്ണന്റെ വിവാഹസമയത്തും ഞങ്ങള്‍ ഏറ്റുമാനൂര്‍ കരയോഗ മന്ദിരത്തില്‍ എത്തി സല്‍ക്കാരത്തില്‍ പങ്കെടുത്തു. അന്നു ഊണുണ്ടായിരുന്നില്ല. ചായ മാത്രമായിരുന്നു. അതുകഴിഞ്ഞു വീട്ടില്‍ പോയി ഊണു കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചുവെങ്കിലും എറണാകുളത്തു പോകാന്‍ തിടുക്കമുണ്ടായിരുന്നതിനാല് പോയില്ല.
രാധാകൃഷ്ണന്റെ മകളുടെ വിവാഹാവസരത്തിലാണ് അമ്മയെ അവസാനം കണ്ടത്. രാവിലെ എട്ടു മണിക്ക് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലും കല്യാണ മണ്ഡപത്തിലുമായിട്ടായിരുന്നു ചടങ്ങ്. ഞങ്ങളിരുവരും തൊടുപുഴയിലെ ബിജെപി നേതാവ് കെ.എസ്.അജിയും കുടുംബവുമൊരുമിച്ചെത്തിയപ്പോഴേക്ക് താലികെട്ടു കഴിഞ്ഞു. അന്നത്തെപ്പോലൊരു പെരുമഴ അപൂര്‍വമായേ അനുഭവിച്ചിട്ടുള്ളൂ. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ എല്ലാം എത്തിച്ചേര്‍ന്ന അവിടെ അമ്മയെയും മകളെയും കാണാനും അവരോടൊപ്പം ലഘുഭക്ഷണം കഴിക്കാനും സാധിച്ചു. അമ്മയ്ക്കു പഴയ പ്രസന്നത തിരിച്ചുവന്നതുപോലെ തോന്നി.
രാഷ്ട്രീയ, വിദ്യാഭ്യാസ, പുസ്തകപ്രകാശന ഔദ്യോഗിക മേഖലകളിലെല്ലാം വ്യക്തിപ്രഭാവം സൃഷ്ടിച്ച മൂത്ത മകന്റെ കാര്യത്തിലും വിജയകരമാംവിധം തൊഴിലിലേര്‍പ്പെട്ട് കഴിയുന്ന മറ്റുമക്കളുടെ കാര്യത്തിലും തികച്ചും അഭിമാനത്തോടെയാവും അവരുടെ വാര്‍ധക്യം കഴിച്ചതെന്നു വിചാരിക്കാം. അവസാനകാലം തീര്‍ത്തും ശയ്യാവലംബിനിയായിട്ടാണ് കഴിഞ്ഞത്. ഒട്ടേറെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന അവസരങ്ങളാണ് ആ മഹതിയുടെ ജീവിതം എനിക്ക് നല്‍കിയത്.
ഈ കുറിപ്പുകള്‍ എഴുതിത്തുടങ്ങിയപ്പോഴാണ് കോഴിക്കോട്ടെ ജന്മഭൂമിയില്‍നിന്നും മോഹന്‍ദാസ് ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനും കുറച്ചുകാലം ജന്മഭൂമിയുടെ ഫീല്‍ഡ് ഓര്‍ഗനൈസറായും പ്രവര്‍ത്തിച്ച പി.കെ.സഹദേവന്റെ നിര്യാണവിവരം അറിയിച്ചത്. ഒട്ടേറെ പ്രമുഖ സ്വയംസേവകരെ സമ്മാനിച്ച കോഴിക്കോട്ട് വെള്ളയില്‍ കടപ്പുറത്തെ തേര്‍വീട് ശാഖയുടെ സൃഷ്ടിയാണ് സഹദേവന്. കോഴിക്കോട് മഹാനഗര്‍ കാര്യവാഹ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചുകാലം വിഭാഗ്തല ചുമതലയുമുണ്ടായിരുന്നു.
ജന്മഭൂമിയുടെ പുനര്ജന്മത്തില് കോഴിക്കോട് എഡിഷന് ആരംഭിച്ചപ്പോള്‍ അതിലെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ചുമതല അദ്ദേഹത്തിനാണ് നല്കപ്പെട്ടത്. ഫീല്‍ഡ് ഓര്‍ഗനൈസര്‍ എന്ന നിലയ്ക്ക് അദ്ദേഹം മലബാര്‍ ഭാഗത്ത് സജീവമായിരുന്നു. എത്ര പ്രവര്‍ത്തിച്ചാലും തൃപ്തി വരാത്ത ഒരസ്വസ്ഥത സഹദേവനില്‍ സദാ പുകഞ്ഞുകൊണ്ടിരുന്നതായി തോന്നി. കടല്‍ത്തിരകളോട് മല്ലിട്ടു ജീവിതായോധനവും ജീവനവും നേടിയ ജനവിഭാഗത്തിന്റെ കരുത്തും ഊര്‍ജസ്വലതയും കര്‍തൃത്വവും അദ്ദേഹത്തില്‍ നിറഞ്ഞുനിന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മത്സ്യപ്രവര്‍ത്തക സംഘം ആരംഭിച്ചപ്പോള്‍ അതിലും, പിന്നീട് ഹിന്ദുമുന്നണിയിലും അതിനുശേഷം ഹിന്ദുഐക്യവേദിയിലും സഹദേവന് സജീവമായി പ്രവര്‍ത്തിച്ചു.
പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും സംതൃപ്തനാകാത്ത ആളായിരുന്നു അദ്ദേഹം. ഹിന്ദുസ്ഥാപനങ്ങളും ക്ഷേത്രങ്ങളും മറ്റും നേരിടുന്ന വിവിധതരം പ്രശ്നങ്ങള്‍ അദ്ദേഹത്തെ സദാ അസ്വസ്ഥനാക്കി. അവയുടെ പരിഹാരത്തിനായി അതതു ദേശക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മുന്നിട്ടിറങ്ങുക പതിവായിരുന്നു. നേരില്‍ കാണുമ്പോള്‍ അസ്വസ്ഥതയും അതൃപ്തിയും തുറന്നുപറയുന്ന സ്വഭാവക്കാരനായിരുന്നു സഹദേവന്. അതില്‍ വ്യക്തിവിദ്വേഷമോ ദോഷാരോപണമോ ഉണ്ടാകില്ലെന്നുറപ്പായിരുന്നു.
ക്ഷേത്രഭൂമി എന്നൊരു പത്രിക അദ്ദേഹം നടത്തിവന്നതായി അറിയാന്‍ കഴിഞ്ഞു. അതു കാണാനും വായിക്കാനും അവസരം ലഭിച്ചിട്ടില്ല. ജന്മഭൂമിയില് പ്രവര്‍ത്തിക്കുമ്പോഴും, ഹിന്ദുത്വ പ്രസ്ഥാനങ്ങളിലും സമരോത്സുക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട കാലത്തും പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും ആത്മീയ സാമൂഹ്യ നേതാക്കന്മാരെയും അടുത്തറിയാന്‍ അവസരമുണ്ടായതിനാല് അവരെ ക്ഷേത്രഭൂമിയില്‍ എഴുതിക്കാന്‍ പ്രേരിപ്പിക്കുന്നതിനദ്ദേഹത്തിന് കഴിഞ്ഞു. എന്നും സമാജസേവനമെന്ന സമരപാതയില്‍ നീങ്ങിയ ആ പഴയ സഹപ്രവര്ത്തകന് ആദരാഞ്ജലികള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: