മംഗലംഡാം: കടപ്പാറയില്‍നിന്നും വനത്തിനുള്ളിലെ തളികകല്ല് ആദിവാസികോളനിയിലേക്കുള്ള റോഡുനിര്‍മാണം നല്ലരീതിയില്‍ പുരോഗമിക്കുന്നു. നാലുകിലോമീറ്റര്‍ ദൂരംവരുന്ന റോഡുനിര്‍മാണം രണ്ടുകിലോമീറ്ററിലധികം എണ്‍പതുശതമാനം പിന്നിട്ടു.
കടപ്പാറ മുതല്‍ പോത്തംതോട് വരെയുള്ള ഭാഗമാണ് പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുള്ളത്. ഈ ഭാഗത്ത് വരുന്ന കയറ്റങ്ങളിലെല്ലാം ആറിഞ്ച് കനത്തില്‍ കോണ്‍ക്രീറ്റിംഗ് ജോലികള്‍ കഴിഞ്ഞു. 900 മീറ്ററിലാണ് കോണ്‍ക്രീറ്റിംഗ് നടത്തിയിട്ടുള്ളത്. മറ്റിടങ്ങളില്‍ എട്ടുസെന്റിമീറ്റര്‍ കനമുള്ള ടൈല്‍സ് വിരിച്ചാണ് റോഡ് ഉറപ്പാക്കുക.
ടൈല്‍സ് വിരിക്കുന്നതിനുള്ള സംരക്ഷണഭിത്തിയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. നാലുമീറ്ററിലുള്ള റോഡിന്റെ രണ്ടുവശത്തും ടൈല്‍സിന്റെ ഉയരത്തിലാണ് സൈഡ് വാള് നിര്‍മിക്കുന്നത്. ഇതുമൂലം ടൈല്‍സ് ഇളകി റോഡ് കേടാകില്ല. അടുത്ത ദിവസങ്ങളില്‍തന്നെ ടൈല്‍സ് വിരിക്കലും തുടങ്ങുമെന്ന് കരാറുകാരനായ ജോമോന് പറഞ്ഞു. പോത്തംതോടിനപ്പുറം കോളനിഭാഗത്തുള്ള കയറ്റങ്ങളിലെ കോണ്‍ക്രീറ്റിംഗ് പണികളും മഴക്കാലത്ത് നടത്തും.
1800 മീറ്ററാണ് പോത്തംതോട്ടില്‍നിന്നും കോളനിയിലേക്കുള്ള ദൂരം. പോത്തംതോടിനു കുറുകേയുള്ള പാലത്തിന്റെ പണി മഴക്കാലത്തിനുശേഷമേ ആരംഭിക്കൂ. നല്ല മലവെള്ളപ്പാച്ചിലുള്ള തോടായതിനാല്‍ മഴയില്‍ പണി നടത്തിയാല്‍ എല്ലാം ഒലിച്ചുപോകുന്ന സ്ഥിതിയുണ്ടാകും.
ഒക്ടോബര്‍ മാസത്തോടെ പാലംപണി തുടങ്ങി ഡിസംബറോടെ പാലം പണിയും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജോമോന് പറഞ്ഞു.
12 മീറ്റര്‍ നീളത്തിലാണ് തോടിനു കുറുകേ പാലം നിര്‍മിക്കുന്നത്. ജീപ്പ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോകുന്നതിനുള്ള വീതിയും പാലത്തിനുണ്ടാകും. പാലത്തിന്റെ ഉള്‍ഭാഗം 1.8 മീറ്റര്‍ ഉയരമുണ്ടാകും. സെന്ററില്‍ പില്ലര്‍ ഇല്ലാതെ രണ്ടറ്റത്തും സംരക്ഷണഭിത്തി നിര്‍മിച്ചാണ് പാലംപണിയുക. ഉരുള്‍പൊട്ടലുണ്ടായി തോട്ടിലൂടെ തടിയോ വലിയ പാറകളോ ഒലിച്ചുവന്നാലും പാലത്തില്‍ തടയാതിരിക്കാനാണ് ഈ മുന്‍കരുതല്‍. ഈ മഴക്കാലത്തെ ദുരിതയാത്ര കൂടി കഴിഞ്ഞാല്‍ പിന്നെ തളികകല്ലിലെ ആദിവാസികള്‍ക്ക് ടൗണില്യാത്ര ചെയ്യുന്ന മട്ടില്‍ വനത്തിലൂടെ യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: