മലപ്പുറം: ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസത്തെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങളും ഹിന്ദു ഭവനങ്ങളും ഒരുങ്ങി കഴിഞ്ഞു.ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. ജില്ലയിലെ മുഴുവന്‍ ക്ഷേത്രങ്ങളും ഹിന്ദു ഭവനങ്ങളും രാമായണ മുഖരിതമാകും. രാമായണ മാസാചരണത്തിന്റെ ജില്ലാ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതനില്‍ നിര്‍വഹിക്കും.
ക്ഷേത്രങ്ങളിലും, ഹൈന്ദവഗൃഹങ്ങളിലും രാമായണ പാരായണം, സത്സംഗങ്ങള്‍ എന്നിവ നടത്തും. ഈ വര്‍ഷം എല്ലാ ക്ഷേത്രങ്ങളിലും, രാമായണംപാരായണം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. കൂടാതെ 24ന് ശാഖാതല രാമായണ വൈജ്ഞാനിക മത്സരങ്ങളും, 31ന് താലൂക്കുതല മത്സരങ്ങളും, ആഗസ്റ്റ് ഏഴിന് അങ്ങാടിപ്പുറം വിദ്യാനികേതനില്‍ വെച്ച് ജില്ലാതല മത്സരങ്ങളും നടക്കും. ഈ വര്‍ഷം പഞ്ചായത്ത് തലത്തില്‍ പ്രശ്നോത്തരികള് സംഘടിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 14ന് ഞായറാഴ്ച പഞ്ഞിരിയാല് മണ്ണൂര്‍ക്കര ക്ഷേത്രത്തില്‍ വെച്ച് രാമായണസെമിനാറും, മഹാശ്രീരാമഅഷ്ടോത്തര അര്‍ച്ചന, പ്രശ്നോത്തരി എന്നിവയും നടത്തും.
1982-ലെ വിശാലഹിന്ദുസമ്മേളത്തിലാണ് കര്‍ക്കട മാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്. അന്ന് മുതല്‍ ക്ഷേത്രസംരക്ഷണ സമിതിയാണ് ഇതിന് നേതൃത്വം നല്‍കുന്നതും. കര്‍ക്കടക മാസത്തെ രാമായണ മാസമായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച ക്ഷേത്രസംരക്ഷണ സമിതി സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് എല്ലാ ക്ഷേത്രങ്ങളിലും അഖണ്ഡ രാമായണപാരായണം നടത്തും.
മുണ്ടുപറമ്പ്: മുണ്ടുപറമ്പ് ശ്രീചന്നത്ത് ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കമാകും. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നിത്യവും രാമായണപാരായണം നടക്കും. കരുണാകരന് മാസ്റ്റര്‍, ഗോപിനാഥന്, സത്യനാരായണ മേനോന് എന്നിവര്‍ പാരായണത്തിന് നേതൃത്വം നല്‍കും. എല്ലാ ഞായറാഴ്ചകളിലും പ്രഭാഷണവും ഉണ്ടാകും. വിവിധ ദിവസങ്ങളിലായി എന്‍ടിയു നേതാവ് ജീജാഭായ് ടീച്ചര്‍, ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍, സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന് എന്നിവര്‍ പ്രഭാഷണം നടത്തും. ആഗസ്റ്റ് 16ന് രാമായണ പരിക്രമണ ശോഭായാത്രയോടെ പരിപാടികള്‍ സമാപിക്കും.
വണ്ടൂര്‍: ആമപ്പൊയില്‍ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കമാകും. ഒരു മാസം നീണ്ടു നില്ക്കുന്ന അന്നദാന-ജ്ഞാനദാന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ ദിസവും രാവിലെ ഏഴുമണിക്ക് വിഷ്ണുസഹശ്രനാമാര്ച്ചന, ഒന്‍പതു മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെ രാമായണ പാരായണം, തുടര്‍ന്ന് അന്നദാനം എന്നിവ നടത്തും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും രാവിലെ 11.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെ ആത്മീയരംഗത്തെ പ്രഗത്ഭരുടെ പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.
എളങ്കൂര്‍: പൊറ്റക്കുളങ്ങര ശ്രീമഹാദേവ ക്ഷേത്രത്തില്‍ രാമായണ മാസാചരണം വിപുലമായി സംഘടിപ്പിക്കും. നിത്യവും രാമായണ പാരായണവും ഔഷധ കഞ്ഞി വിതരണം എന്നിവയുണ്ടാകും.
എടപ്പാള്‍: കാഞ്ഞിയൂര്‍ ഘവതി ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ രാമായണ മാസാചരണ പരിപാടികള്‍ക്ക് തുടക്കമാകും. രാമായണ പാരായണം, സര്‍വൈശ്വര്യപൂജ, ആനയൂട്ട് എന്നിവ നടക്കും.
പന്താവൂര്‍ ശ്രീലക്ഷ്മി നരംസിംഹമൂര്ത്തീ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിശേഷാല്‍പൂജകള്‍, ഗണപതി ഹോമം, രാമായണ പാരായണം, ഔഷധകഞ്ഞി വിതരണം എന്നിവ നടക്കും.
എടവണ്ണ: പത്തപ്പിരിയം വില്ലത്തൂര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ രാമായണ മാസത്തിലെ വിപുലമായ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. അഖണ്ഡ രാമായണ പാരായണം, പ്രശ്നോത്തരി, വിശേഷാല്‍ പൂജകള്‍, ഔഷധ കഞ്ഞി വിതരണം, പ്രഭാഷണ പരമ്പര തുടങ്ങിയവ നടക്കും.
കരുവാരക്കുണ്ട്: കുത്തനഴി ശിവക്ഷേത്രം, കുട്ടത്തി അമ്പലക്കുന്ന് മഹാശിവക്ഷേത്രം, ഭവനംപറമ്പ് ശിവ വിഷ്ണുക്ഷേത്രം, കക്കറ ആലുങ്ങല്‍ മഹാദേവ ക്ഷേത്രം, നിലാകുറുശ്ശി അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലും രാമായണ മാസം വിപുലമായ പരിപാടികളോടെ ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: