കല്‍പ്പറ്റ : വന്യമൃഗ ശല്ല്യത്തിന് തടയിടാന്‍ വനാതിര്‍ത്തിയില്‍ കൂടല്ലൂര്‍ മുതല്‍ പഴുപ്പത്തൂര്‍ ചപ്പക്കൊല്ലി വരെ കരിങ്കല്‍ മതില് നിര്‍മ്മിക്കണമെന്ന് വാകേരി ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബത്തേരി താലൂക്കിലെ പൂതാടി പഞ്ചായത്തില്‍പ്പെട്ട വാകേരി, കൂടല്ലൂര്‍, മൂടക്കൊല്ലി, മണ്ണുണ്ടി, തേന്‍കുഴി, കക്കടം എന്നീ പ്രദേശങ്ങളില്‍ രൂക്ഷമായ വന്യമൃഗശല്ല്യം കാരണം നാട്ടുകാര്‍ ദുരിതത്തില്‍. കാട്ടാനകള്‍ നാട്ടിലെത്തി വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നതും, വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവായതോടെ നാട്ടുകാര്‍ നട്ടംതിരിയുകയാണ്. പകല്‍ സമയം പോലും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഭയപ്പെടുന്നു. ഒരു വര്‍ഷത്തിനിടെ രണ്ട് പേരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിക്കുന്നു. മുന്‍പ് 16 കോടി രൂപ ചെലവഴിച്ച് പാമ്പ്ര മുതല്‍ കൂടല്ലൂര്വരെനിര്മിച്ച കരിങ്കല്‍ മതില് ഒരുപരിധിവരെ വന്യമൃഗങ്ങള്‍ നാട്ടിലെത്തുന്നത് തടയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കരിങ്കല്‍ ഭിത്തി നിര്‍മിക്കാത്ത പഴുപ്പത്തൂര്‍ ചപ്പക്കൊല്ലി വരെയുള്ള ഭാഗങ്ങളിലൂടെയാണ് മൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലെത്തുന്നത്. ബാക്കിയുള്ള കരിങ്കല്‍ ഭിത്തി നിര്‍മാണം എത്രയും വേഗം തുടങ്ങണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി, ജില്ലാകലക്ടര്‍, എംപി, എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചക്കയും, മാങ്ങയും ഭക്ഷിക്കാനായാണ് കാട്ടാനകള്‍ പ്രധാനമായും കൃഷിയിടങ്ങളിലെത്തുന്നത്. വനത്തില്‍ വ്യാപകമായ രീതിയില്‍ പ്ലാവ്, മാവ് എന്നിവ വച്ചു പിടിപ്പിച്ചാല്‍ കാട്ടാനകള്‍ നാട്ടിലെത്തുന്നത് തടയാനാകും. വനംവകുപ്പുമായി സഹകരിച്ച് വനാതിര്‍ത്തികളില്‍ കാവല്‍മാടം നിര്‍മിക്കാനും വനത്തില്‍ പ്ലാവ്, മാവ് എന്നിവ വെച്ചുപിടിപ്പിക്കാനും തങ്ങള്‍ തയ്യാറാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ആക്ഷന്‍കമ്മിറ്റി ചെയര്മാന് സത്യാലയം തമ്പി, സെക്രട്ടറി അനീഷ് ഉദയന്‍, പി.ബി. ഷനൂപ്, പി.ആര്. ശ്രീലേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: