കല്‍പ്പറ്റ : ഹാരിസണ്‍സ് മലയാളം കമ്പനി ഉള്‍പ്പെടെയുള്ള എസ്റ്റേറ്റ് മാനേജുമെന്റുകള്‍ തോട്ടംഭൂമിയില്‍ കൃത്യമായി ജോലിയെടുപ്പിക്കാതെ തൊഴിലാളി ക്ഷാമത്തിന്റെ പേരില്‍ തോട്ടം നടത്തിപ്പ് കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാക്കാന് നീക്കം നടത്തുന്നതായി ട്രേഡ് യൂണിയന് ഐക്യവേദി ആരോപിച്ചു.
തോട്ടംമേഖലകളില്‍ തൊഴിലാളികളുടെ വേതന വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ന്യായമായ ആവശ്യങ്ങല്‍ ഉന്നയിച്ച് നടന്ന സമരത്തിനു ശേഷം ചില കമ്പനികള്‍ ബോധപൂര്‍വ്വമായാണ് ഇത്തരത്തിലുള്ള സമീപനം കൈകൊളുന്നത്. ഇത്തരത്തിലുള്ള നീക്കത്തെ ട്രേഡ് യൂണിയന് ഐക്യവേദി ചെറുക്കും. പലപ്പോഴും തോട്ടംമേഖലയിലെ പ്രതിസന്ധിയുടെ പേരില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന സമീപനം ന്യായികരിക്കാന്‍ കഴിയില്ല.
മഴക്കാലം പകുതിയായിട്ടും തൊഴിലാളികള്‍ താമസിക്കുന്ന പാടികളുടെ അറ്റക്കുറ്റ പണി നടത്താതെ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാട് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.പി.എ. കരീം (എസ്ടിയു) അദ്ധ്യക്ഷത വഹിച്ചു. പി.കെ. അനില്‍ കുമാര്‍, ടി. സുരേഷ് ബാബു (ഐഎന്‍ടിയുസി), പി.കെ. മുരളീധരന്, പി.കെ. അച്യുതന് (ബിഎംഎസ്), പി.വി. കുഞ്ഞിമുഹമ്മദ് (എസ്ടിയു), എന്‍. വേണു ഗോപാല്‍ (പിഎല്‍സി), എന്‍.ഒ. ദേവസ്യ (എച്ച്എംഎസ്)) തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: