മാനന്തവാടി: തരുവണ കുന്നുമ്മലങ്ങാടി മുസ്ലിം ജമാഅത് പള്ളിയില്‍ എ.പി, ഇ.കെ സുന്നീ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. ഇ.കെ. വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പള്ളിയിലും മദ്രസ്സയിലും തങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം വേണമെന്നാണ് എ.പി .വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഇ.കെ. വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന് മറു ഭാഗവും പറയുന്നു. മദ്രസ്സ ജൂലൈ 16ന് തുറക്കാനിരിക്കെയാണ് വെള്ളിയാഴ്ച്ച ജുമഅ നമസ്കാരത്തിന് ശേഷം സംഘര്‍ഷമുണ്ടായത്. നമസ്കാര ശേഷം പിറ്റേ ദിവസം മുതല്‍ മദ്രസ്സയില്‍ ക്ലാസ്സ് തുടങ്ങുന്നതായിരിക്കുമെന്ന് ഇമാം അറിയിച്ചപ്പോള്‍ തങ്ങളുടെ സിലബസ്സിലും മദ്രസ്സയില്‍ പീനം വേണമെന്ന് എ.പി .വിഭാഗം ആവശ്യപ്പെട്ടതാണ് കൈയ്യാങ്കളിക്ക് തുടക്കമിട്ടത്. പിന്നീട് ഇരു വിഭാഗങ്ങളും പള്ളിക്കകത്ത് വെച്ച് തന്നെ ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രിയിലും സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നതിനാല്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയായിരുന്ന പോലീസ് ലാത്തി വീശിയാണ് ആളുകളെ പിരിച്ചയച്ചത്. സ്ഥലത്ത് മാനന്തവാടി സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് കാവല്‍ തുടരുകയാണ്. മൂന്ന് മാസത്തോളമായി നടക്കുന്ന എ.പി, ഇ.കെ തര്‍ക്കം പരിഹരിക്കാന്‍ പോലീസ് നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരു വിഭാഗത്തെയും യോജിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളില്‍ നിന്നുമായി 25-ഓളം പേര് ജില്ലാ ആശുപത്രിയില്‍ ചകിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: