കല്‍പ്പറ്റ : വനംവകുപ്പിന്റെ വനനശീകരണത്തിനെതിരെ പ്രതിഷേധവുമായി സംഘട നകള്‍. വടക്കേ വയനാട്ടിലെ പേര്യ 34,37,39, ഡിവിഷനുകളില്‍ സ്വാഭാവിക വനംവെട്ടി മാറ്റി, വനംവകുപ്പിന്റെ നേതൃത്വത്തിലുളള മഹാഗണിയുടെ ഏകവിളത്തോട്ട നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും, ബ്രഹ്മഗിരി മലയിലേയും, മുനീശ്വരന്കുന്നിലേയും ടൂറിസ്റ്റ് കോട്ടേജുകള്‍ പൊളിച്ചുനീക്കണമെന്നും വയനാട്ടിലെ വിവിധ പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെട്ടു.
പാരിസ്ഥിതിക ധര്‍മ്മം നിര്‍വ്വഹിക്കുന്ന സ്വാഭാവിക വനത്തിന്റെ വിസ്തൃതി വയനാട്ടില്‍ വളരെ കുറവാണ്. അവശേഷിക്കുന്ന ഇത്തരം പച്ചത്തുരുത്തുകളെയാണ് ഇപ്പോള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പേര്യവനമേഖലയില് 200 ഏക്കര്‍ സ്വാഭാവിക വനം നശിപ്പിച്ച് ഏകവിളത്തോട്ടമാക്കിക്കൊണ്ടിരിക്കുകയാണ്. പഴയ അക്കേഷ്യാ മരങ്ങള്‍ വെട്ടി മാറ്റുന്നതിന്റെ മറവില്‍, സ്വാഭാവിക മരങ്ങള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൊട്ടിയൂര്‍ മാനന്തവാടി പുഴകളുടെ പ്രഭവസ്ഥാനമാണീ പ്രദേശം. വയനാട് ജില്ലാ കലക്ടര്‍ നടപ്പിലാക്കിയ ഓര്‍മ്മ മരം പദ്ധതിയും, കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ബണ്‍ തുല്യത പദ്ധതിയും വയനാട്ടുകാര്‍ സ്വാഗതം ചെയ്ത സന്ദര്‍ഭത്തിലാണ് വനം വകുപ്പിന്റെ വനനശീകരണ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. ഇതുമൂലം, സമീപപ്രദേശങ്ങളിലെ വന്യമൃഗശല്ല്യം വര്‍ദ്ധിക്കാന്‍ കാരണമായിത്തീരും. തേക്ക്, യൂക്കാലി, അക്കേഷ്യ ഏകവിളത്തോട്ടങ്ങളാണ് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ഇത്രമാത്രം രൂക്ഷമാവാന്‍ കാരണമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രസ്തുത ഏകവിളത്തോട്ടങ്ങള്‍ സ്വാഭാവികവനമായി പരിവര്‍ത്തനം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. പുതിയ ഏക വിളത്തോട്ടങ്ങളുടെ നിര്‍മ്മാണം ജനങ്ങളോടുളള വെല്ലുവിളിയാണ്.
ബ്രഹ്മഗിരി മലയിലേയും മുനീശ്വരന്കുന്നിലേയും പുല്‍പ്പരപ്പുകള്‍ പാരിസ്ഥിതികമായി വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസ്സമാവുന്ന, ഇവിടെ നിര്‍മ്മിച്ച ടൂറിസ്റ്റ്കോട്ടേജുകളും, ചുറ്റുമുളള വൈദ്യുത കമ്പിവേലികളും പൊളിച്ചുമാറ്റുകയും,വനത്തിനുളളില്‍ ടൂറിസ്റ്റുകള്‍ക്ക് താമസമൊരുക്കാനുളള ഇത്തരം സംരംഭങ്ങള്‍ നിര്‍ത്തി വെക്കുകയും വേണം.
ആദിവാസി പുനര്‍ജീവന പദ്ധതിക്കായി വനം വകുപ്പ് പ്രിയദര്‍ശിനി എസ്റ്റേറ്റിന് വിട്ടുനല്‍കിയ 5 ഏക്കര്‍ ഭൂമി എന്‍.സി.സി. പരിശീലനത്തിനായി കൈമാറിയിരിക്കുന്നു. ഇത്തരം തീരുമാനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യമാണ്. വയനാട് പ്രകൃതി സംരക്ഷണ സമിതി, ഔര്‍ ഓണ്‍് നേച്ചര്‍, ഗ്രീന്‍ക്രോസ്, ബാണാസുര സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ മറ്റ് പരിസ്ഥിതി സംഘടനകളുടെ സഹകരണത്തോടെ വനം വകുപ്പിന്റെ വനനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധിക്കുവാനുദ്ദേശിച്ചു കൊണ്ട് ജൂലൈ 19ന് രണ്ട് മണിക്ക് മാനന്തവാടി പഴശ്ശിഗ്രന്ഥാലയത്തില് നടത്തപ്പെടുന്ന പ്രതിഷേധ കണ്‍വെന്‍ഷനില്‍ ഭാവി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. പത്രസമ്മേളനത്തില്‍ എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, എം.ഗംഗാധരന്, അജികൊളോണിയ, കെ.ആര്.പ്രതീഷ്, അബുപൂക്കോട്, കെ.എന്‍.രജീഷ് എന്നിവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: