ആമ്പല്ലൂര്‍: മണലിയില്‍ ദേശീയ പാതക്ക് സമീപം കിണറ്റില്‍ മൃതദേഹം കണ്ട സംഭവത്തില്‍ ദൃക്സാക്ഷിയെന്നു കരുതുന്നയാളെ പോലീസ് കണ്ടെത്തി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലയച്ചിരിക്കുകയാണ്.
ഇയാള്‍ക്ക് സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടെങ്കിലും വ്യക്തത കൈവന്നിട്ടില്ല. ഇയാള്‍ സാധാരണ നിലയില്‍ ആകുന്ന മുറയ്ക്ക് ചോദ്യം ചെയ്യാമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രദേശത്ത് പലയിടത്തുമായി അലഞ്ഞു തിരിഞ്ഞിരുന്ന ഇയാള്‍ ഇതര സംസ്ഥാനക്കാരനാണ്. കിണറ്റില്‍ കണ്ട മൃതദേഹം ആരുടേതെന്ന് ഇതുവരെ തിരിച്ചറിയാന്‍ പോലീസിനായിട്ടില്ല.
ഏകദേശം 25 വയസ്സ് തോന്നുന്നയാളുടെ മൃതദേഹം ഡി.എന്‍.എ പരിശോധന കഴിഞ്ഞ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. കൊലപാതകം സംബന്ധിച്ചോ കൊല നടന്ന സ്ഥലം സംബന്ധിച്ചോ കൃത്യമായ നിഗമനത്തിലെത്താന്‍ പോലീസിനായിട്ടില്ല. കൊലപാതകം നടന്നു എന്നു കരുതുന്ന കെട്ടിടത്തിലെത്തിയ ദമ്പതിമാരെ ചുറ്റിപ്പറ്റിയും അഭ്യുഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അവര്‍ക്കും സംഭവവുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ് ഇതര സംസ്ഥാനക്കാരനെ നിരീക്ഷിച്ചിരുന്നത്. കുറച്ചു നാളായി മൃതദേഹം കണ്ട കിണറിനു സമീപത്തെ കെട്ടിടത്തിലും പരിസരത്തും ഇയാളെ നാട്ടുകാര്‍ കാണാറുണ്ടെന്നറിയുന്നു.
ഇയാളുടെ സംസാരത്തില്‍ നിന്ന് സംഭവം കണ്ടതായുള്ള സൂചനകള്‍ പോലീസിന് ലഭിച്ചു. മാനസീക നിലയില്‍ സംശയം തോന്നിയതിനാല്‍ മറ്റു നടപടികള്‍ക്ക് മുതിരാതെ കോടതിയിലെത്തിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. ഇയാളിപ്പോള്‍ പോലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: