പുതുക്കാട്: കുറുമാലി പാലത്തില്‍ നിന്ന് ലോറി മറിഞ്ഞ് െ്രെഡവറെ കാണാതായ സംഭവത്തില്‍ നാവികസേന സംഘം തിരച്ചില്‍ അവസാനിപ്പിച്ചു. രണ്ടു ദിവസമായി പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്ന സംഘം വെള്ളിയാഴ്ച വൈകീട്ട് ആറിന് തിരച്ചില്‍ നിര്‍ത്തി തിരിച്ചുപോയി. കുറുമാലി പുഴയുടെ മഞ്ഞാംകുഴി ഷട്ടര്‍, കരുവന്നൂര്‍ പാലം, ആറാട്ടുപുഴ, വില്ലിച്ചിറ ഭാഗങ്ങളില്‍ നേവി സംഘം പരിശോധന നടത്തി. മഞ്ഞാംകുഴി മുതല്‍ കുറുമാലി വരെയുള്ള ഭാഗത്ത് അഗ്നി രക്ഷാ സേനയുടെ സ്കൂബാ സംഘവും തിരച്ചില്‍ നടത്തി. പുഴയോരത്തോട് ചേര്‍ന്ന് കാടുകെട്ടിക്കിടക്കുന്ന ഭാഗങ്ങളില്‍ തിരച്ചില്‍ സംഘം പരിശോധന നടത്തി. എന്നാല്‍ മൃതദേഹം കണ്ടെത്താനായില്ല. ബുധനാഴ്ച വെളുപ്പിനാണ് ലോറി പുഴയിലേക്ക് മറിഞ്ഞ് ചിറ്റിശ്ശേരി സ്വദേശി പാണേങ്ങാട്ടില്‍ വിനു (25) വിനെയാണ് കാണാതായത്.
പുഴയില്‍ ശക്തമായ ഒഴുക്കുള്ളതും ചുഴികള്‍ രൂപപ്പെടുന്നതും തിരച്ചിലിന് പ്രതിബന്ധമായിരുന്നു. ഷട്ടര്‍ തുറന്നിരുന്നതിനാല്‍ പുഴയില്‍ വീണയാള്‍ ഒഴുക്കില്‍ അകപ്പെട്ടിരിക്കാമെന്നാണ് തിരച്ചില്‍ സംഘം പറയുന്നത്. പുഴയില്‍ ചളിയോ മറ്റ് തടസ്സങ്ങളോ ഇല്ലാത്തത് ഒഴുക്ക് സുഗമമാക്കുന്നുമുണ്ട്. തിരച്ചിലിന് ഇരിങ്ങാലക്കുട തഹസില്‍ദാര്‍ നേതൃത്വം നല്കി. തിരച്ചില്‍ തല്ക്കാലം നിര്‍ത്തിയെങ്കിലും ജില്ലാ കളക്ടര്‍ നിര്‍ദേശിക്കുന്ന പക്ഷം ശനിയാഴ്ചയും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: