തൃശൂര്‍: ഒളരി ഇ.എസ്.ഐ ആശുപത്രി ക്വാര്‍ട്ടേഴ്സില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. 15 പവനിലധികം നഷ്ടപ്പെട്ടു. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇ.എസ്.ഐ ആശുപത്രിയിലെ ഹെഡ് നേഴ്സായ കോഴിക്കോട് സ്വദേശി ചിറയ്ക്കല്‍ വീട്ടില്‍ വിന്‍സിയുടെ വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ ജോലിക്ക് പോയി ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതറിഞ്ഞത്. മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. അലമാരയിലെ ചെറിയ അറയ്ക്കുള്ളില്‍ പല ബോക്സുകളിലായി സൂക്ഷിച്ചിരുന്ന രണ്ട് മാലകള്‍, വളകള്‍, കമ്മലുകള്‍ എന്നിവയടക്കം പതിനഞ്ചു പവനിലധികം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്ന് വിന്‍സി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ഭര്‍ത്താവും എട്ടുമണിയോടെ കുട്ടികളും പോയശേഷം വിന്‍സി ആശുപത്രിയിലേക്ക് ഡ്യൂട്ടിക്കായി പോയി. ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു. തുടര്‍ന്ന് അകത്തു ചെന്ന് നോക്കിയപ്പോഴാണ് അലമാരി കുത്തിത്തുറന്ന് ആഭരണം കവര്ന്നതറിഞ്ഞത്. രാവിലെ പത്തുമണിമുതല്ക്കേ വീടിന്റെ വാതില്‍ തുറന്നുകിടന്നിരുന്നതായി സമീപവാസികള്‍ സൂചിപ്പിച്ചു. രാവിലെ എട്ടിനും പത്തിനുമിടയിലാണ് കവര്‍ച്ച നടന്നതെന്നാണ് സൂചന. വെട്ടുകത്തികൊണ്ട് അലമാരി കുത്തിത്തുറന്ന നിലയിലായിരുന്നു.
അലമാര പൂട്ടി താക്കോല്‍ വിന്‍സി കൊണ്ടുപോയിരിക്കുകയായിരുന്നു. മുന്‍വശത്തെ വാതിലിന്റെ പൂട്ടും കുത്തിത്തുറന്നിരിക്കുകയാണ്. പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: