വടക്കുന്നാഥക്ഷേത്രത്തിലെ ആനയൂട്ടിനുള്ള ഒരുക്കങ്ങള്‍
തൃശൂര്‍: കര്‍ക്കിടകമാസത്തിന്റെ വരവറിയിച്ച് ഗജവീരന്മാര്ക്ക് ഇന്ന് വടക്കുന്നാഥന്റെ തിരുനടയില്‍ ഊട്ട്. 34-ാമത്തെ വര്‍ഷമാണ് വടക്കുന്നാഥ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നടക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായി ആനയൂട്ട് ആരംഭിച്ചത് വടക്കുന്നാഥനിലാണെന്ന പ്രത്യേകതയും ഉണ്ട്. അതോടൊപ്പം അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടക്കും. ഇതിനായി പ്രത്യേക ഒരുക്കങ്ങള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു.
തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അഷ്ടദ്രവ്യ മഹാഗണപതിഹോമം. പതിനായിരത്തെട്ട് നാളികേരം, 3500 കിലോ ശര്‍ക്കര, 1500 കിലോ അവില്, 250 കിലോ മലര്, എള്ള്, 50 കിലോ നെയ്യ്, ഗണപതി നാരങ്ങ, കരിമ്പ് എന്നിവയാണ് ഗണപതിഹോമത്തിന് ഉപയോഗിക്കുന്നത്.
ദര്‍ശനത്തിനായി പുലര്‍ച്ചെ മുതല്‍ നൂറുകണക്കിന് ഭക്തന്മാര് ക്ഷേത്രത്തില്‍ എത്തിച്ചേരും. രാവിലെ 9.15നാണ് ആനയൂട്ട്. ക്ഷേത്രം മേല്‍ശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണന് ആദ്യ ഉരുള നല്‍കും. അറുപതോളം ആനകള്‍ ആനയൂട്ടിന് പങ്കെടുക്കും.
ആനകളെ പ്രത്യേക ബാരിക്കേഡ് കെട്ടി തിരിച്ച് സുരക്ഷിതമായി നിര്‍ത്തും. മൃഗസംരക്ഷണവകുപ്പ് ഡോക്ടര്‍മാരുടെ പരിശോധനക്ക് ശേഷം മാത്രമെ ആനകളെ ഊട്ടിന് പ്രവേശിപ്പിക്കുകയുള്ളു. വനംവകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടാകും. ആനകളെ പടിഞ്ഞാറെ ഗോപുരം വഴി അകത്തേക്ക് പ്രവേശിപ്പിച്ച് ഊട്ടിന് ശേഷം കിഴക്കെ ഗോപുരം വഴി പുറത്തേക്ക് പോകും. ആനയൂട്ട് ഒരുകോടി രൂപക്ക് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. വൈകീട്ട് ആറുമണിക്ക് കൂത്തമ്പലത്തില്‍ വിശേഷാല്‍ ഭഗവദ് സേവയും ഉണ്ടാകും. ആനയൂട്ടിന് ശേഷം ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് അന്നദാനവും ഉണ്ടായിരിക്കും. അന്നദാനമണ്ഡപത്തിലേക്ക് അഡ്വ. സി.കെ.മേനോന് നൂറ്റമ്പതോളം പേര്‍ക്ക് ഊണുകഴിക്കാവുന്ന ഫര്‍ണിച്ചര്‍ ഇന്ന് രാവിലെ 10ന് കൈമാറ്റം ചെയ്യും. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ക്ഷേത്രോപദേശകസമിതി ഭാരവാഹികളും പങ്കെടുക്കും.
തൃശൂര്‍: തിരുവമ്പാടി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 5 മണിക്ക് അക്ഷരശ്ലോക സദസ്സോടെ ആരംഭിക്കും. ദീപാരാധനക്കുശേഷം നിത്യേന 6.45ന് രാമായണത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണവും ഉണ്ടായിരിക്കും. 21ന് ഗോപിനാഥ് നമ്പ്യാര്‍ രാമായണപാരായണം നിര്‍വഹിക്കും. 12ന് ഉദയാസ്തമനപൂജ, ചുറ്റുവിളക്ക്, നാമജപം, നാമഘോഷ പ്രദക്ഷിണം, അനുസ്മരണ പ്രഭാഷണം എന്നീ പരിപാടികളോടെ തിരുനാമാചാര്യജയന്തി നടക്കും.
തിരുവില്വാമല: ശ്രീരാമ ലക്ഷ്മണന്മാരും ആഞ്ജനേയനും ഒരുമിച്ചുള്ള കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തില്‍ രാമായണമാസത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ട്. ഇന്നുമുതല്‍ നിത്യേന കാഴ്ചശീവേലിക്ക് ശേഷം പ്രസാദ ഊട്ട് ഉണ്ടായിരിക്കും. കൂടാതെ വിശേഷാല്‍ പഞ്ചവാദ്യം, രാമായണ പാരായണം എന്നിവയും നടക്കും.
തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തില്‍ ഇന്നുമുതല്‍ 22വരെ ദീപാരാധനക്ക് ശേഷം പ്രമുഖര്‍ പങ്കെടുക്കുന്ന ഭക്തിപ്രഭാഷണം ഉണ്ടായിരിക്കും. ഇന്ന് അത്താഴപൂജക്ക് ശേഷം പൂത്തോള്‍ ഗോവിന്ദന്‍കുട്ടിയും സംഘവും ക്ഷേത്രത്തില്‍ തുകിലുണര്‍ത്തുപാട്ട് അവതരിപ്പിക്കും. 19ന് രാവിലെ 10ന് ക്ഷേത്രത്തില്‍ ചാന്താട്ടം നടക്കും.
തൃശൂര്‍: രാമായണ മാസാചരണസമിതിയുടേയും ക്ഷേത്രസംരക്ഷണസമിതിയുടേയും ആഭിമുഖ്യത്തില്‍ വിളംബരപ്രദക്ഷിണവും സമ്മേളനവും നടക്കും. പാറമേക്കാവ് ക്ഷേത്രനടയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം വടക്കുന്നാഥപ്രദക്ഷിണവഴി ചുറ്റി തുടര്‍ന്ന് നടന്ന സമ്മേളനം സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു. എ.പി.ഭരത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പുരുഷോത്തമാനന്ദസരസ്വതി, വി.കെ.വിശ്വനാഥന്, വി.ശ്രീനിവാസന്, കെ.ദാസന്, ഡി.മൂര്‍ത്തി, കെ.നന്ദകുമാര്‍, രഘുകുന്നമ്പത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: