പത്തനംതിട്ട: വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ മുഴങ്ങുന്ന ആറന്മുളേശന്റെ സന്നിധിയില്‍ ഇനി വള്ളസദ്യവഴിപാടുകളുടെ പുണ്യകാലം. ഇനിയുള്ള 80 നാളുകള്‍ ആറന്മുളയ്ക്ക് ഉത്സവക്കാലം. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഇന്നലെ ഭദ്രദീപം തെളിയിച്ചതോടെ ഐതീഹ്യപെരുമയും സാസ്കാരിക തനിമകൊണ്ടും ലോകപ്രശസ്തമായ വള്ളസദ്യയ്ക്ക് തുടക്കമായി. 51 പള്ളിയോടക്കരകളുടെ കരനാഥനായ ആറന്മുള പാര്‍ത്ഥസാരഥിയുടെ നടയില്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വള്ളസദ്യ. അഭീഷ്ട സിദ്ധിക്കും സര്‍പ്പദോഷ പരിഹാരത്തിനുമായാണ് ഭക്തര്‍ ഈ വഴിപാട് നടത്തുന്നത്. 58 കൂട്ടം കറികളും എട്ടിലധികം പായസവുമാണ് ആറന്മുള വള്ളസദ്യയുടെ പ്രത്യേകത. വിവിധ കരകളിലെ പള്ളിയോടങ്ങള്‍ക്കാണ് ഭക്തര്‍ വള്ളസദ്യകള്‍ വഴിപാടായി നടത്തുന്നത്. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളേയും കരനാഥന്മാരേയും തുഴച്ചില്‍ക്കാരേയും വഞ്ചിപ്പാട്ടുപാടി ക്ഷേത്രത്തിലേക്ക് ആനയിക്കും. വഴിപാട് നടത്തുന്ന ഭക്തന് പുകയിലയും വെറ്റിലയും നല്കി കരനാഥനെ സ്വീകരിക്കും. വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വെച്ച് കിഴക്കേനടയിലെത്തി ആനക്കൊട്ടിലില്‍ പറ തെളിക്കും. ഇതിന് ശേഷമാണ് തുഴച്ചിലുകാര്‍ വള്ളസദ്യയില്‍ പങ്കാളികളാകുന്നത്.
ചലചിത്രനടനും എംപിയുമായ സുരേഷ് ഗോപി തൂശനിലയില്‍ ആദ്യവിഭവം വിളമ്പി. ക്ഷേത്രക്കടവിലെത്തിയ ആദ്യ പള്ളിയോടത്തിന് വെറ്റ-പുകയില നല്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, ജില്ലാ കലക്ടര്‍ എസ.് ഹരികിഷോര്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ്ഡോ. കെ.ജി.ശശിധരന് പിള്ള, വൈസ് പ്രസിഡന്റ് കെ.പി. സോമന്, സെക്രട്ടറി പി. ആര്. രാധാകൃഷ്ണന്, ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി, ഭാരവാഹികളായ സി. കെ. ഹരിശ്ചന്ദ്രന്, ടി. കെ. ഹരിദാസ്, ഗോപകുമാര്‍, വള്ളസദ്യ നിര്‍വ്വഹണസമിതി അംഗങ്ങളായ ജഗന്മോഹന്ദാസ്, കെ. ഹരിദാസ്, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ അനില്‍ കുമാര്‍, ഗീതാകൃഷ്ണന്‍, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വേണുഗോപാല്‍, അസി കമ്മീഷണര്‍ ഇന്‍ചാര്‍ജ്ജ് രാജീവ് , മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, ആറന്മുള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, വിവിധ സംഘടനാ നേതാക്കളായ എ. പദ്മകുമാര്‍, ഡി. വിജയകുമാര്‍, പി. മോഹന്‍രാജ്, അശോകന് കുളനട, വി. എന്‍. ഉണ്ണി, മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് അംഗം വിനിത അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: