കടയ്‌ക്കാവൂര്‍: കടയ്‌ക്കാവൂര്‍ 8-ാം വാര്‍ഡ് മെമ്പര്‍ തെക്കുംഭാഗം കാട്ടില്‍ വീട്ടില്‍ സുകുട്ടനു (38) നേരെ വധശ്രമം. ചിറയിന്‍കീഴ് സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട പക്രു പ്രസാദിന്റെ മകനും ഗുണ്ടയുമായ പ്രിന്റുവാണ് സുകുട്ടനെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 1.30 തോടുകൂടി ചിറയിന്‍കീഴില്‍ നിന്ന് വീട്ടിലേക്ക് വാഹനത്തില്‍ പോകും വഴി പിന്‍തുടര്‍ന്നെത്തിയ പ്രിന്റു വാഹനം ഓവര്‍ടേക്ക് ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന് പ്രിന്റു വണ്ടിയുമായി രക്ഷപ്പെട്ടു. തുടര്‍ന്ന് കടയ്‌ക്കാവൂര്‍ പോലീസില്‍ പരാതി നല്‍കി. കുപ്രസിദ്ധ ഗുണ്ടയായ അള്ളാ ഊച്ചി രാജേഷിന്റെയും പക്രു പ്രസാദിന്റെയും നേതൃത്വത്തില്‍ 20 ഓളം വരുന്ന സംഘം സുകുട്ടന്റെ വീട്ടിലെത്തി ഭാര്യയേയും വൃദ്ധമാതാവിനേയും ഭീഷണിപ്പെടുത്തി. സുകുട്ടനെ വധിക്കുമെന്ന് ആക്രോശിച്ചു കൊണ്ടാണ് അക്രമിസംഘം വീട് വിട്ടത്.
അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ചിറയിന്‍കീഴ് നിയോജകമണ്ഡലം സെക്രട്ടറി സാബു, കടയ്‌ക്കാവൂര്‍ അനൂപ്, ആര്‍.എസ്.എസ് സേവാപ്രമുഖ് പുതുക്കരി ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം തെക്കുംഭാഗത്ത് നിന്നും ആരംഭിച്ച് ചിറയിന്‍കീഴ് റെയില്‍വേഗേറ്റിന് സമീപം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: