ഇരിങ്ങാലക്കുട: തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയ്ക്ക് കുറുകെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളിയില്‍ നിന്നും പള്ളിയുടെ തന്നെ പുതിയ കണ്വെന്ഷന് സെന്ററിലേയ്ക്ക് നടക്കുന്ന മേല്‍പാലം നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നഗരസഭ നല്കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മ്മാണം പുനരാരംഭിച്ചു. പള്ളിയില്‍ നിന്നും നിര്‍മ്മാണം പൂര്‍ത്തിയായ കണ്വെന്ഷന് സെന്ററിലേക്ക് ചന്തക്കുന്നില്‍, സംസ്ഥാനപാതയ്ക്ക് കുറുകെയാണ് 30 ലക്ഷം രൂപ ചിലവഴിച്ച് 5 അടി വീതിയിലാണ് പള്ളി മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. പി ഡബ്ലിയു ഡി യില്‍ നിന്ന് കിട്ടിയ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാലം നിര്‍മ്മാണം തുടങ്ങിയ പള്ളി അധികൃതര്‍ക്ക് നഗരസഭയില്‍ നിന്ന് ബില്‍ഡിങ് പെര്‍മിറ്റ് എടുക്കാത്തത് മൂലം സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. നഗരസഭയിലെ ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഇതിനെ തുടര്‍ന്ന് ബില്‍ഡിങ് പെര്‍മിറ്റിനായി പള്ളി അധികൃതര്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കിയെങ്കിലും ആവശ്യമായ പല രേഖകളും പെര്മിറ്റിനോടൊപ്പമുള്ള അപേക്ഷയില്‍ ഇല്ലാത്തതുമൂലം നഗരസഭ ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിച്ചിരുന്നില്ല. ഇതിനിടയിലാണ് പള്ളിയധികൃതര്‍ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. അനധികൃതമായി നിര്‍മ്മിക്കുന്ന മേല്‍പാലത്തിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് നിര്‍ത്തിവെപ്പിക്കണമെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് സന്തോഷ് ബോബന് ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: