അമ്പലവയല്‍ : കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമായോജന (പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി)ക്ക് ജില്ലയില്‍ 25ന് തുടക്കമാകും. പരിമിതമായ പ്രീമിയം തുകയില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട നേട്ടങ്ങള്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍ പ്രീമിയത്തിന്റെ 90 ശതമാനവും സര്‍ക്കാര്‍ വഹിക്കും. കൂടാതെ നേരത്തേ ഉണ്ടായിരുന്ന നഷ്ടപരിഹാരം ലഭിക്കുന്നതിനുളള നീണ്ട നടപടി ക്രമങ്ങളെല്ലാം പരിഹരിച്ചു കൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഈ പദ്ധതിയില്‍ ആദ്യമായി രാജ്യത്തെവിടെയും ഉണ്ടാകുന്ന വെളളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ മൂലം വിളകള്‍ക്കുണ്ടായ നഷ്ടവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 25ന് രാവിലെ പത്ത് മണിയ്ക്ക് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തിന് യോജിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ച് വിദഗ്ീദ്ധര് സംസാരിക്കുന്നതാണ്.
ഇതിനോടനുബന്ധിച്ച് സൗജന്യമായി മണ്ണു പരിശോധന നടത്തി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്നതായിരിക്കും. ഈ അവസരം ഉപയോഗപ്പെടുത്തുന്നതിന് കര്‍ഷക സുഹൃത്തുക്കള്‍ ഈ മാസം 20ാം തീയതിയ്ക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്ത് മണ്ണ് സാമ്പിളുകള്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഇതിനുപുറമേ അന്താരാഷ്ട്ര പയര്‍വിള വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടൊപ്പം തുടക്കം കുറിക്കുന്നു. 2016-17 വര്‍ഷത്തിലെ കര്‍ഷക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കൃഷിയിട പരീക്ഷണങ്ങളും മുന്‍നിര പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം സംഘടിപ്പിക്കുന്നതാണ്.
പട്ടികവര്‍ഗ്ഗ കോളനികളില്‍ കൃഷി വിജ്ഞാനകേന്ദ്രം വഴി നടപ്പിലാക്കുന്ന സംരഭകത്വ വികസന പരിപാടിയുടെ തുടക്കം കുറിച്ചുകൊണ്ട് പുഷ്പ കൃഷിക്കായുളള ഈ ഓര്‍ക്കിഡ് തൈകളുടെ വിതരണവും നടത്തുന്നതാണ്.
അമ്പലവയല്‍ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടിയുളള ആഴ്ചച്ചന്തയുടെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വ്വഹിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: