അജി കുടുംബാംഗങ്ങളോടൊപ്പം
അന്തിക്കാട്: തലയോട്ടി കീറിപ്പറിഞ്ഞു പോയ അജി എന്ന 25 കാരനായ യുവാവിന് ജീവന് നിലനിര്‍ത്തുവാന്‍ മനസ്സില്‍ കരുണ വറ്റാത്ത സുമനസ്സുകളുടെ സഹായം വേണം അരിമ്പൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡ് മക്കൊടി,നടുമുറി, നാലു സെന്റ് കോളനി നിവാസിയായ അജിയാണ് സഹായം തേടുന്നത്. ജീവന് നിലനിര്‍ത്തുവാന്‍ സമൂഹത്തിന്റെ സഹായ പ്രതീക്ഷയില്മാത്രം വിശ്വസിച്ചാണ് അജിയും കുടുംബവും ഇന്ന് ജീവിക്കുന്നത്.
നന്നേ ചെറുപ്പത്തിലെ അച്ഛന് ഉപേക്ഷിച്ചു പോയ അജി, പെയ്ന്റ് പണിക്കായി കൂട്ടുകാരന്റെ ബൈക്കില്‍ പോകുന്നതിനിടയിലാണ് 2013 ല്‍ മനക്കൊടി പുള്ള് റോഡില്‍ വെച്ച് അപകടം പിണഞ്ഞത്.അപകടത്തില്‍ ബൈക്കോടിച്ചിരുന്ന കൂട്ടുകാരന് മരിച്ചു പോയി. തലയ്ക്ക് മാരകമായ പരിക്കേറ്റ അജി മൂന്ന് വര്‍ഷത്തി ലേറെക്കാലം തൃശൂര്‍, വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റലില്‍ ചികിത്സ തേടി.വലതു ചെവിയുടെ മുകളില്‍ നിന്ന് നെറ്റിയുടെ മദ്ധ്യം വരെയെത്തുന്ന നീളത്തില്‍ തലയോട്ടി പിളര്‍ന്നു പോയ അജിയെ ജീവനോടെ തിരിച്ചു കിട്ടുമെന്ന് ഡോക്ടര്‍മാര്‍ക്കു പോലും പ്രതീക്ഷയില്ലായിരുന്നു.അമ്മയും സഹോദരിയും കൂട്ടുകാരും ചേര്‍ന്ന് ഉള്ളതെല്ലാം വിറ്റും പലിശയ്ക്കെടുത്തും മൂന്നു ലക്ഷത്തിലധികം രൂപ ചെലവിട്ട് മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി.
തുടര്‍ ചികിത്സയ്ക്ക് മരുന്നിന് തന്നെ ആഴ്ചയില്‍ ആയിരത്തിലധികം രൂപ വേണം. ജോലിയൊന്നുമില്ലാത്ത അമ്മ ശകുന്തളയും, നാട്ടിന് പുറത്തെ തുണിക്കടയില്‍ സെയ്ല്‍സ് ഗേളായി ജോലി ചെയ്യുന്ന അവിവാഹിതയായ സഹോദരിയും പാടുപെട്ട് ഇതുവരെ എത്തിച്ചു. ഇതിനിടയിലാണ് നെറ്റിയിലെ മുറിപ്പാടില്‍ ഒരു ചെറിയ കുരു വന്നത്. അസഹ്യമായ വേദന കൊണ്ട് പുളഞ്ഞ അജിയെ തുടര്‍ ചികിത്സ നടത്തുന്ന വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ ന്യൂറോ സര്ജന് ഡോ: കെ ആര് ഷാജിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.തലയ്ക്കകത്ത് വീണ്ടും പഴുപ്പ് ബാധിച്ചതായി കണ്ടെത്തി.ഇതിന്റെ ചികിത്സയ്ക്കു തന്നെ 65000 രൂപ ചെലവായി.
അജിയുടെ കടുത്ത വേദനയും അസുഖവും ഭേദമാകാന്‍ അപകടത്തില്‍ തകര്‍ന്നു പോയ തലയോട്ടിയുടെ ഒരു കഷ്ണം വെച്ചുപിടിപ്പിക്കണം. അപകടസമയത്ത് സംരക്ഷിച്ചു വെച്ചിരുന്ന തലയോട്ടി കഷ്ണം ദ്രവിച്ചു പോയതു കൊണ്ട് പുതിയ ഒരു കഷ്ണം 35,000 രൂപ വില കൊടുത്ത് വാങ്ങണം. നാലാമത് ഒരു ശസ്ത്രക്രിയയുടെ ചെലവും മറ്റും ഇതിനു പുറമെ വേണം. ഇതിനിടയില്‍ തൃശൂരിലെ സ്വകാര്യ കുറിക്കമ്പനിക്കാര്‍ കുറിമുടക്കം വന്നതിനാല്‍ പലിശയും പലിശക്ക് പലിശയും ചേര്‍ന്ന് 2 ലക്ഷം രൂപയായി വര്‍ദ്ധിച്ച കുറി സംഖ്യ ,ഈടാക്കുന്നതിന് കിടപ്പാടം ജപ്തി ചെയ്യാനായി പലതവണ എത്തി. കിടപ്പാടം പോയാലും അജിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞാല്‍ മതിയെന്ന പ്രാര്‍ത്ഥനയാണ് അമ്മയ്ക്കും സഹോദരിയ്ക്കും.
ഈ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ തയ്യാറുള്ള സുമനസ്സുകള്‍ തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക്, അരിമ്പൂര്‍ ബ്രാഞ്ചില്‍ അജി.കെ.ആര് ,കുറ്റിയില്‍ വീട്, പി.ഒ.മനക്കൊടി,അക്കൗണ്ട് നമ്പര്‍: 8000 7925659, IFSC CODE: TBKL0269 TDC എന്ന വിലാസത്തില്‍ സഹായങ്ങള്‍ എത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: