കോര്പ്പറേഷന് പരിധിയില്‍ തെരുവ് വിളക്കുകള്‍ കത്താത്തതില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ റാന്തല്‍ വിളക്ക് കത്തിച്ച് പ്രതിഷേധിക്കുന്നു
തൃശൂര്‍: വെളളക്കെട്ടും മാലിന്യനീക്കവും പരിഹരിക്കുന്നതുസംബന്ധിച്ച് കോര്പറേഷന് ഭരണനേതൃത്വത്തിന് അവ്യക്ത തന്നെ. കത്താത്ത തെരുവുവിളക്കുകള്‍ ഉടന്‍ ശരിയാക്കുമെന്ന പതിവ് ഉറപ്പില്‍ ഇന്നലെ ചേര്‍ന്ന കോര്പറേഷന് കൗണ്‍സില്‍യോഗം പിരിഞ്ഞു. പ്രതിപക്ഷം നല്കിയ നോട്ടീസിനെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഭരണപക്ഷം ഇരുട്ടില്‍തപ്പുകയായിരുന്നു. മ മാലിന്യംനീക്കാന്‍ കൗണ്‍സിലര്‍മാര്‍ വീടുകളില്‍ സ്വന്തം മാലിന്യപദ്ധതിയൊരുക്കണമെന്ന മേയറുടെ ഉപദേശം കൂടിയായതോടെ പ്രായോഗികപരിഹാരം അകലെയെന്നു വ്യക്തമായി. ഈ ചര്‍ച്ച നടക്കുമ്പോഴും കോര്പറേഷന് ഓഫീസ് പരിസരത്ത് മാലിന്യകൂമ്പാരം കെട്ടിക്കിടക്കുകയായിരുന്നു.
മാസങ്ങളായി ഇവിടെയുളള മാലിന്യമല ആരുടെ കാലത്താണ് രൂപംകൊണ്ടതെന്ന ഗവേഷണത്തിലായിരുന്നു ഡെപ്യൂട്ടിമേയര്‍. മാലിന്യം മാറ്റാത്തത് കഴിവുകേടല്ലേ എന്നു പ്രതിപക്ഷം ചോദിച്ചപ്പോള്‍ ബദല്‍നടപടിയുണ്ടാകുമെന്നു പറഞ്ഞ് വര്‍ഗീസ് കമ്ടം കുളത്തി തടിതപ്പി. മുമ്പ് 117 തോടുകളാണ് നന്നാക്കിയിരുന്നതെങ്കില്‍ ഇക്കുറി 128 തോടുകളാണ് ശരിയാക്കുന്നതെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജിതവിജയന്‍ പറഞ്ഞു. ഇക്കണ്ടവാര്യര്‍ റോഡില്‍ 43 ലക്ഷം രൂപ ചെലവിട്ടാണ് കാനപണിതതെന്നും അജിത വിശദീകരിച്ചു.
സോണലുകളില്‍ നിന്നു കൂടി മാലിന്യംനീക്കാന്‍ നടപടിയായെന്നും ചില ഉദ്യോഗസ്ഥരാണ് വിലങ്ങുതടിയായതെന്നും സി.പി.എമ്മിലെ അനൂപ്ഡേവിസ് കാടപറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ ഫയല്‍ പിടിച്ചുവെക്കുകയാണ്. തെരുവുവിളക്കു കത്തിക്കാന്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്കാണ് മുന്‍ ഭരണസമിതി കരാര്‍ നല്‍കിയതെന്നും അനൂപ്ഡേവിസ് പറഞ്ഞു. എല്‍ത്തുരുത്ത് ജംഗ്ഷനില്‍ വെള്ളക്കെട്ട് മാറ്റാന്‍ മേയര്‍ നേരിട്ട് നടപടിയെടുത്തതായും വിവരിച്ചു.
കേടായ വഴിവിളക്കുകള്‍ കത്തിക്കാത്തതിനാലാണ് നിലവിലെ കരാറുകാരനായ ചാക്കുണ്ണിക്ക് കരാര്‍തുക നല്‍കാത്തതെന്ന ഡെപ്യൂട്ടിമേയറുടെ പരാമര്‍ശവും ബഹളത്തിനിടയാക്കി. 25 ലക്ഷം രൂപയാണ് കുടിശികയായി നല്കാനുളളതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചാക്കുണ്ണിയെ ഒഴിവാക്കിയെങ്കില്‍ വിഷയം പരിഹരിക്കാന്‍ എന്തുനടപടിയെടുത്തുവെന്നായിരുന്നു ചോദ്യം. കത്തിക്കാത്ത വിളക്കുകള്‍ക്ക് കാശുകൊടുക്കില്ലെന്ന് ഡെപ്യൂട്ടി മേയര്‍ നിലപാട് ആവര്‍ത്തിച്ചു. ബദല്‍സംവിധാനമൊരുക്കാന്‍ മറ്റുചിലരെ രംഗത്തുകൊണ്ടുവന്നപ്പോള്‍ അവരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.
![](https://janmabhumi.in/wp-content/uploads/archive/2016/07/daputey-mayer.jpg)
പകര്‍ച്ച വ്യാധികള്‍ക്കെതിരെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി ഉറക്കത്തിലായപ്പോള്‍
ഇതോടെ പ്രതിപക്ഷം ആഞ്ഞടിച്ചു. അങ്ങനെയെങ്കില്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നായി മുന്മേയര് രാജന് പല്ലന്. തുടര്‍ന്ന് അന്വേഷണം നടത്താമെന്ന് ഡെപ്യൂട്ടിമേയറും സമ്മതിച്ചു. ചാക്കുണ്ണിക്ക് എങ്ങനെയാണ് കരാര്‍ നല്‍കിയതെന്നത് എന്നതുള്‍പ്പെടെ അന്വേഷിച്ച് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ വെക്കണമെന്നും രാജന് ആവശ്യപ്പെട്ടു.
രാമനിലയം പരിസരത്ത് തെരുവുവിളക്കുകള്‍ കത്താറില്ലെന്നും അതുവഴി സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ നടക്കാനാകാത്ത നിലയാണെന്നും ബി.ജെ.പിഅംഗം കെ.മഹേഷ് കുറ്റപ്പെടുത്തി. പ്രതീകാത്മകപ്രതിഷേധത്തിന്റെ ഭാഗമായി റാന്തല്‍വിളക്കുമായാണ് മഹേഷ് എത്തിയത്. അതിന്റെ സ്വിച്ച്ഓണ്‍ കര്‍മം എം.എസ് സമ്പൂര്‍ണ നിര്‍വഹിച്ചു. ഈ റാന്തല്‍ രാമനിലയം പരിസരത്ത് പ്രതിഷേധാര്‍ഹമായി കൊണ്ടുവെക്കുമെന്നും അവര്‍ അറിയിച്ചു.
മുന്‍ഭരണസമിതിയുടെ കാലത്ത് മാലിന്യനിര്‍മാര്‍ജനത്തിന് വന്‍ബോധവല്‍ക്കരണമാണ് നടത്തിയതെന്നും തുടര്‍ന്ന് റോഡിലേക്കു മാലിന്യംകൊണ്ടിടുന്ന പ്രവണതയില്‍ 60 ശതമാനമെങ്കിലും കുറവു വന്നുവെന്നും രാജന്‍പല്ലന്‍ അവകാശപ്പെട്ടു.
വെളളക്കെട്ട് പരിഹരിക്കാന്‍ മുമ്പേ ടെന്‍ഡര്‍ വിളിക്കേണ്ടതായിരുന്നു. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് 68 ലക്ഷം രൂപയുടെ സബ്സിഡി നല്‍കിയെന്നും പല്ലന് പറഞ്ഞു. ലാലൂരില്‍ തോട് ശുചീകരണം നടന്നില്ലെന്നും ഇവിടെ ഇതുപരിശോധിക്കാന്‍ മോണിറ്ററിംഗ് സംവിധാനമുണ്ടോയെന്നും ലാലി ജെയിംസ് ചോദിച്ചു. ‘വെളിച്ചമില്ലാത്ത കോര്പറേഷന്, വെളിച്ചം തരൂ മേയറേ’ എന്നായിരുന്നു ലാലിയുടെ മുദ്രാവാക്യം.
ഫ്രാന്‍സിസ് ചാലിശേരി ഭരണക്കാര്‍ക്ക് പോക്കറ്റടിക്കാരുമായി ടൈ അപ് ഉണ്ടോയെന്ന സംശയമാണ് പ്രകടിപ്പിച്ചത്. സ്റ്റോറില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ കെട്ടിക്കിടക്കുമ്പോള്‍ അതു കത്തിക്കാന്‍ നല്‍കാത്തതില്‍ സുബിബാബു പ്രതിഷേധിച്ചു.
വ്യക്തികളുടെ മാലിന്യനിര്‍മാര്‍ജന സംവിധാനവുമായി ബന്ധപ്പെട്ട് ഉറവിട മാലിന്യസംസ്കരണപദ്ധതിയില്‍ 5700 രൂപ അനുവദിക്കുന്നതായി മേയര്‍ അജിതജയരാജന്‍ വിശദീകരിച്ചു. വെളളക്കെട്ട് പരിഹരിക്കാന്‍ 128 തോടുകള്‍ നവീകരിക്കാന്‍ ടെന്‍ഡര്‍ നല്കി. ഹോട്ടല്‍ മാലിന്യമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഫഌറ്റുകളില്‍ നിന്നും മാലിന്യം വന്‍തോതില്‍ നഗരത്തിലത്തെുന്നതായും മേയര്‍ പറഞ്ഞു. അതേസമയം മാലിന്യനീക്കം പരിഹരിക്കാന്‍ കൃത്യമായ നടപടികള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതുമില്ല.
ശക്തന്‍നഗറില്‍ നിന്ന് കണ്ണംകുളങ്ങരയിലേക്കു പോകുന്ന ഭാഗത്ത് സ്ഥിരം വെളളക്കെട്ടാണെന്ന് ബി.ജെ.പിയിലെ വിന്‍ഷി അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷനേതാവ് എം.കെ മുകുന്ദന്, എം.എസ് സമ്പൂര്‍ണ, ഷോമിഫ്രാന്‍സീസ്, പൂര്‍ണിമ സുരേഷ്, പ്രസീജ ഗോപകുമാര്‍, പ്രിന്‍സിരാജു, ജേക്കബ് പുലിക്കോട്ടില്‍, പി.സുകുമാരന്‍, എം.എല്‍.റോസി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.മേയര്‍ അജിത ജയരാജന് അധ്യക്ഷയായി.
റാന്തല്‍ തെളിയിച്ച് ബിജെപി പ്രതിഷേധം
തൃശൂര്‍ : മാലിന്യം, വെള്ളക്കെട്ട്, സ്ട്രീറ്റ് ലൈറ്റുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം ്യൂനടന്ന കോര്പറേഷന് യോഗത്തില്‍ വ്യത്യസ്തമായൊരു പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍. പല ഡിവിഷനുകളിലും തെരുവു വിളക്കുകള്‍ തെളിയാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ മഹേഷ് റാന്തല്‍ വിളക്കുമായാണ് കൗണ്‍സില്‍ യോഗത്തിനെത്തിയത്.എംഎസ്. സംപൂര്‍ണ റാന്തല്‍വിളക്കു തെളിയിച്ചതോടെ കോര്‍പറേഷനില്‍ അരങ്ങേറിയത് പുതിയൊരു പ്രതീകാത്മക സമരമായിരുന്നു.മാലിന്യ വിഷയത്തിലും കോര്പറേഷന് യോഗം ശബ്ദമുഖരിതമായി. മാലിന്യ പ്രശ്നനം മുഖ്യ അജണ്ട്യുയായി തുടങ്ങിയ യോഗത്തില്‍ കോര്പറേഷന് കെട്ടിട വളപ്പിലും മാലിന്യക്കൂമ്പാരമെന്നു പറഞ്ഞ് പ്രതിപക്ഷ കൗണ്‍സിലര്‍ ജോണ്‍ഡാനിയല്‍ ഹാളിലെത്തിയത് കയ്യില്‍ മാലിന്യമടങ്ങിയ പ്ലാസ്റ്റിക് കിറ്റുമായിട്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: